എന്നും പലസ്തീൻ ജനതയ്‌ക്കൊപ്പം, പ്രസംഗം വളച്ചൊടിക്കേണ്ടതില്ല: ശശി തരൂർ

പ്രസംഗത്തിലെ ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയേണ്ടതില്ല
Shashi Tharoor
Shashi TharoorFile Image

തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ ഇസ്രായേലിനെ ആക്രമിച്ചത് ഭീകരരാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ശശി തരൂർ. താന്‍ എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും തന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലെ ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയേണ്ടതില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

തന്‍റെ പ്രസംഗം കേട്ട ആരും അത് ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണെന്ന് വിശ്വസിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിനിടെയാണ് ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിന്‍റെ പരാമര്‍ശം വിവാദമായത്.

15 വര്‍ഷക്കാലം നടന്നതിനേക്കാള്‍ കടുത്ത ക്രൂരതയാണ് 19 ദിവസം കൊണ്ട് ഉണ്ടായത്. പലസ്തീൻകാർക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണിൽ വേണം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയില്‍ നടക്കുന്നത്. ഇസ്രയേലില്‍ 1400 പേര്‍ ബോംബാക്രമണത്തില്‍ മരിച്ചപ്പോള്‍ ഗാസയില്‍ ചത്തുവീണത് 6000 പേരാണ്. അവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും നിര്‍ത്തി. പെട്രോള്‍ വിതരണം തടഞ്ഞു. ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീന്‍റേത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികള്‍ മരിച്ചുവീഴുന്നു. മതം നോക്കിയല്ല ബോംബ് വീഴുന്നത്. ഭീകര ആക്രമണം രണ്ടുഭാഗത്തുനിന്നും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ആക്രമണം നിര്‍ത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും തരൂർ അന്ന് പറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com