ശശി തരൂർ
ശശി തരൂർ

ഭൂതവും ഭാവിയും പറഞ്ഞ് തരൂരിന്‍റെ വർത്തമാനം

തിരുവനന്തപുരം മണ്ഡലത്തിലെ സിറ്റിങ് എംപിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ശശി തരൂരുമായി മെട്രൊ വാർത്ത പ്രതിനിധി നടത്തിയ അഭിമുഖ സംഭാഷണം

പി.ബി. ബിച്ചു

ഹാട്രിക് വിജയത്തിന് ശേഷം നാലാം തവണയും പാർലമെന്‍റിലേക്ക് മത്സരിക്കുന്ന തിരുവന്തപുരത്തെ സെലിബ്രിറ്റി സ്ഥാനാർഥികളിൽ പ്രധാനിയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ വിശ്വപൗരൻ ഡോ. ശശി തരൂർ. സിറ്റിങ് എംപി എന്ന നിലയിൽ താൻ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ വിശദമാക്കി വികസന രേഖ ഉൾപ്പടെ പുറത്തിറക്കിയാണ് തരൂരിന്‍റെ പ്രചാരണം മുന്നോട്ടു പോകുന്നത്.

ലോക പ്രസിദ്ധനായ ഒരു നേതാവ് വോട്ടഭ്യർഥനയുമായെത്തുമ്പോൾ സെൽഫിയെടുക്കാനും ഷേക്ക് ഹാൻഡ് നൽകാനും ഓരോ വേദിയിലും ജനങ്ങളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. സമുദായ നേതാക്കളുമായി കൂടിക്കാഴ്ചകൾ, ആരാധനാലയങ്ങൾ സന്ദർശനം, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം തുടങ്ങി പരിപാടികളുമായി പ്രചാരണം മുന്നോട്ട് പോകുന്നതിനിടെ നാലാമങ്കത്തിന്‍റെ വിശേഷങ്ങളും നാട്ടുകാര്യങ്ങളും മെട്രൊ വാർത്തയുമായി പങ്കുവെയ്ക്കുകയാണ് ശശി തരൂർ.

Q

കഴിഞ്ഞ 15 വർഷമായി താങ്കൾ തിരുവനന്തപുരത്തിന്‍റെ എംപിയാണ്. ഓരോ തവണയും വാഗ്ദാനം ചെയ്ത വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടോ...?

A

ഓരോ തവണയും ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ട്. തിരുവനന്തപുരത്തെ വിവിധ വിഷയങ്ങൾ അറിയിക്കേണ്ടിടത്ത് അറിയിച്ച് പരിഹാരങ്ങളും കാണുന്നുണ്ട്. ഇത്തവണ ഫണ്ട് വിനിയോഗത്തിൽ ഒന്നാം സ്ഥാനത്താണ്. അനുവദിച്ച തുകയില്‍ 124.87 ശതമാനമാണ് ചെലവഴിച്ചത്. 8.88 കോടി രൂപയാണ് മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്. ഒന്നും ചെയ്തില്ലെന്ന് പറയുന്നവർ കൂടി അറിയുന്നതിനാണ് വികസന രേഖ പുറത്തിറക്കിയിരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിർമാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. കായിക മേഖലയ്ക്ക് പ്രോത്സാഹനമായി ബാഡ്മിന്‍റണ്‍ കോര്‍ട്ട്, ഫുട്ബോള്‍ കോര്‍ട്ട്, പ്രാക്ടീസ് ഉപകരണങ്ങളും സ്കൂളുകള്‍ക്ക് ബസുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ഹൈബ്രിഡ് കിട്ടണുകള്‍ എന്നിവയ്ക്കും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക ചെലവിട്ടു. മിനി മാസ് ലൈറ്റുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് പുറമേ പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നതിനായി സോളാര്‍ മഴവെള്ള സംഭരണികള്‍ എന്നിവയ്ക്കായും ഫണ്ട് അനുവദിച്ചു.

സംസ്ഥാനത്തെ ആദ്യത്തെ ഒക്കുപ്പേഷന്‍ തെറാപ്പി റൂം സ്ഥാപിച്ചത് എംപി ഫണ്ടിലൂടെയാണ്. കടലാക്രമണം രൂക്ഷമായ കൊച്ചുതോപ്പ്, പൊഴിയൂര്‍, പരുത്തിയൂര്‍, കൊല്ലങ്കോട് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിർമാണത്തിനായി 1.5 കോടി രൂപയാണ് എംപി ഫണ്ടില്‍ നിന്ന് ചെലവിട്ടത്. ഇത് കൊണ്ട് അവസാനിപ്പിക്കാനല്ല. തലസ്ഥാനത്തിന്‍റെ സമ്പൂർണ വികസനമാണ് ലക്ഷ്യം. അതിനുള്ള പദ്ധതികളും തയാറായിക്കഴിഞ്ഞു.

Q

കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സ്ഥാനാർഥിയെന്ന നിലയിൽ ദേശിയ രാഷ്‌ട്രീയത്തിൽ ഇത്തവണ ചലനമുണ്ടാക്കാൻ കോൺഗ്രസിന് കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ?

A

ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ അതേപടി നിലനിൽത്താനുള്ള ഒരു പോരാട്ടമാണ് തെരഞ്ഞെടുപ്പ്. അതു തിരിച്ചറിയുന്നത് കൊണ്ട് തന്നെ വോട്ടർമാർ ഉറപ്പായും കോൺഗ്രസിന് വോട്ടുചെയ്യും. മതേതരത്വം വെറും മുദ്രാവാക്യമല്ല. കേരളം ഇതിന്‍റെ മാതൃകയാണ്. കേരളത്തെപ്പോലെ ഭാരതവുമാകണം. ഹിന്ദുരാഷ്‌ട്രം കൊണ്ടുവരലാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി ജനങ്ങളുടെ ശബ്ദമായി പാര്‍ലമെന്‍റില്‍ മാറും.

Q

കേരളത്തിൽ ബിജെപിക്ക് രണ്ടക്ക സീറ്റ് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബിജെപിയുടെ സാധ്യത എത്രമാത്രമാണ്?

A

കേരളത്തില്‍ രണ്ടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ട് പൂജ്യമെന്നാണ്. ഒരു സംസ്ഥാനത്തും ബിജെപിക്ക് സീറ്റ് കൂടുതല്‍ ലഭിക്കില്ല. തെരഞ്ഞെടുപ്പ് ഭാരതത്തിന്‍റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണ്. എന്‍ഡിഎയില്‍ നിന്ന് പുറത്താക്കിയ പാര്‍ട്ടികളെ ഇപ്പോള്‍ ബിജെപി കെഞ്ചിവിളിക്കുകയാണ്. രാജ്യത്തും 400 പോയിട്ട് 300 സീറ്റ് പോലും ഇത്തവണ അവര്‍ക്ക് കിട്ടില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത വളരെക്കുറവാണ്. 2004ലെ ഫലം ആവര്‍ത്തിക്കാനാണ് സാധ്യത.

Q

വോട്ടർമാരിൽ യുവാക്കൾ വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ, യുവാക്കൾ എന്തിന് കോൺഗ്രസിനെ തെരഞ്ഞെടുക്കണം.

A

ഭാവിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും യുവതീ യുവാക്കള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. ഭാരതത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഏത് വിധത്തിലുള്ള ഭാരതത്തേയാണ് നമ്മള്‍ പുതിയ തലമുറയ്ക്ക് സമ്മാനിക്കുവാന്‍ പോകുന്നത്. ഭിന്നതയുടെയും വര്‍ഗീയതയുടെയും ശക്തികളെ പരാജയപ്പെടുത്തണം. ഇത് യുവാക്കളുടെ മാത്രമല്ല, ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.

Q

കോൺഗ്രസ് നേതാക്കൾ പലരും ബിജെപിയിലേക്ക് പോകുന്നു. താങ്കളും ബിജെപിയിലേക്ക് പോകുമെന്ന് പ്രചാരണം നടക്കുന്നുണ്ട്.

A

തന്‍റെ രാഷ്‌ട്രീയ നിലപാടിനെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ട. ബിജെപി ഹിന്ദുത്വത്തിന്‍റെ രീതിയിലേക്ക് രാജ്യത്തെ മാറ്റാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ബിജെപിക്ക് തിരുവനന്തപുരത്തും കേരളത്തിലും നിലനില്‍പ്പില്ല. തിരുവനന്തപുരത്തടക്കം ഇത്തവണയും യുഡിഎഫ് വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ല.

Q

ഒരേ മുന്നണിയുടെ ഭാഗമായതിനാൽ സിപിഐ സ്ഥാനാർഥിയെ വിജയിപ്പിച്ചാലും ബിജെപിക്കെതിരെയുള്ള പോരാട്ടമല്ലേ?

A

ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്‍റിലെത്തിയിട്ട് കൂടുതല്‍ ഒന്നും ചെയ്യാനില്ല, അവരെ അങ്ങോട്ട് വിടുന്നത് വെറും വേസ്റ്റാണ്. ബിജെപിയും അവര്‍ക്ക് എതിര് നില്‍ക്കുന്നവരും തമ്മിലുള്ള മത്സരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ബിജെപിക്കെതിരെ പോരാടുന്നത് കോൺഗ്രസാണ്. പരമാവധി സീറ്റുകൾ നേടുകയാണ് കോൺഗ്രസ് ലക്ഷ്യം. കേന്ദ്ര വിഷയങ്ങളില്‍ സിപിഎമ്മിനും കാര്യമായ പ്രസക്തിയില്ല.

Q

തിരുവനന്തപുരത്ത് താങ്കൾ ഒന്നും ചെയ്തില്ലെന്നാണല്ലോ പ്രധാന വിമർശനം, എന്താണ് മറുപടി?

A

കൊവിഡ് കാലത്ത് ഞാൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മുഖ്യമന്ത്രി പോലും അഭിനന്ദിച്ചതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊവിഡ് കാരണം 2 വർഷം എംപി ഫണ്ട് ഇല്ലായിരുന്നു. ഒരു വർഷം 5 കോടി രൂപ മാത്രമാണ് എംപി ഫണ്ട്. ഇതിൽ നിന്നു കൊണ്ട് പരമാവധി ജനോപകാരപ്രഥമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.

സ്ഥലം ഏറ്റെടുത്ത് 40 വർഷമായിട്ടും പണി തുടങ്ങാതെ മുടങ്ങിക്കിടന്ന ദേശീയ പാത ബൈപാസ് നിർമാണവും വിഴിഞ്ഞം തുറമുഖവും യുഎഇ കോൺസുലേറ്റും അടക്കമുള്ളവ യാഥാർഥ്യമാക്കാനും ടെക്നോപാർക്ക് വികസനത്തിനുമെല്ലാം വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചടക്കം നടത്തിയ ഇടപെടലുകൾ ഏറെയാണ്.

തീരദേശ വാസികൾക്കു വേണ്ടിയടക്കം നടത്തിയ ഇടപെടലുകളും ഒട്ടേറെയാണ്. വാഗ്ദാനം ചെയ്തതു പോലെ തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാൻ ലോക്സഭയിൽ ബില്ല് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ബിജെപി പിന്തുണ നിഷേധിക്കുകയായിരുന്നു. എന്നിട്ടും ഞാൻ ഒന്നും ചെയ്തില്ലെന്നു പറയുന്നത് മൂന്ന് തവണ എന്നെ ജയിപ്പിച്ച വോട്ടർമാരെ അപമാനിക്കലാണ്. ആരോപണങ്ങൾ കേൾക്കുന്നത് പുതിയ കാര്യമല്ലെങ്കിലും കഴിഞ്ഞ 15 വർഷമായി എംപി എന്ന നിലയിൽ ഞാൻ ഇവിടെ ഒന്നും ചെയ്തില്ലെന്ന് എതിരാളികൾ നുണ പ്രചരിപ്പിക്കുന്നതു കൊണ്ട് മണ്ഡലത്തിന്‍റെ വികസന രേഖ തന്നെ പുറത്തിറക്കിയിട്ടുണ്ട്

Q

പാർലമെന്‍റിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ ഒന്നും മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പടെ ആരോപിക്കുന്നുണ്ടല്ലോ?

A

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകസഭയിൽ അടക്കം കോൺഗ്രസാണ് പ്രധാനമായും ശബ്ദം ഉയർത്തിയത്. വിഷയത്തിൽ തന്‍റെ പ്രസംഗം പോലും വൈറലായിരുന്നു. ഈ രാജ്യത്ത് മതത്തിന്‍റെ പേരിൽ നടക്കുന്ന വിവേചനങ്ങൾ കോൺഗ്രസ്‌ അനുവദിക്കില്ല. പൗരത്വം നിർണയിക്കേണ്ടത് മതത്തിന്‍റെ അടിസ്ഥാനത്തിൽ അല്ല. അത് ധാർമികമായും ഭരണഘടനാപരമായും തെറ്റാണ്. പൗരത്വത്തിന്‍റെ മാനദണ്ഡമായി മതം അവതരിപ്പിക്കുന്നത് ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യയുടെ ചരിത്രത്തിലുടനീളം, പൗരത്വം ഒരിക്കലും മതവുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരു പ്രധാന മതത്തെ ഒഴിവാക്കി, ചില മതങ്ങളെ അതിവേഗ പൗരത്വത്തിന് യോഗ്യരാണെന്ന് വ്യക്തമാക്കുന്നത് തികച്ചും വർഗീയത വളർത്തലാണ്, അത് രാജ്യത്തെ തകർക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യും.'

Q

പൊഴിയൂർ തീരത്തെ പ്രശ്നങ്ങളിൽ സ്ഥലം സന്ദർശിച്ച എൻഡിഎ സ്ഥാനാർഥി ഉടൻ പരിഹാരമുണ്ടാക്കിയെന്നും എംപി എന്ന നിലയിൽ താങ്കൾ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും ബിജെപി ആരോപണമുണ്ടല്ലോ.?

A

ബിജെപി തീരദേശ മേഖലയിൽ നുണപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ ഇലക്‌ഷൻ പ്രചരണത്തിന്‍റെ ഭാഗമായി പൊഴിയൂർ സന്ദർശിച്ചപ്പോൾ തീരദേശ വാസികളുടെ ദുരിതം കേട്ടറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പരിഹാരമുണ്ടാക്കി എന്നത് വെറും അടിസ്ഥാന രഹിതമായമാണ്. കടൽക്ഷോഭം കാരണം പൊഴിയൂർ തീരം കടലെടുക്കുന്നത് തടയാൻ എംപി എന്ന നിലയിൽ കേന്ദ്ര സർക്കാരിനോട് ആവർത്തിച്ചു ആവശ്യപ്പെട്ടപ്പോഴെല്ലാം പൊഴിയൂരിലെ പുലിമുട്ട് നിർമ്മാണം സംസ്ഥാന വിഷയമാണെന്ന് പറഞ്ഞുകൈയൊഴിഞ്ഞവരാണ് വ്യാജ അവകാശവാദവുമായി എത്തിയിരിക്കുന്നത്. പുലിമുട്ട് നിർമ്മാണത്തിന് എത് മന്ത്രാലയം എത്ര രൂപ ഫണ്ട് അനുവദിച്ചുവെന്ന് വ്യക്തമാക്കാൻ ബിജെപി സ്ഥാനാർഥി തയ്യാറാകണം. ഏതോ ഉദ്യോഗസ്ഥന്‍റെ കത്ത് വച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഇത് തെറ്റായ പ്രചരണമാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ രാജീവ് ചന്ദ്രശേഖർ ജൽശക്തി മന്ത്രാലയത്തോട് പൊഴിയൂരിൽ പുലിമുട്ട് നിർമിക്കാൻ നടപടി ആവശ്യപ്പെട്ടതിന് മറുപടി കിട്ടിയത് ഇത് സ്റ്റേറ്റ് ഗവൺമെന്‍റ് ഫണ്ട് കണ്ടെത്തി നടപ്പാക്കേണ്ട പ്രൊജക്റ്റ് ആണെന്നാണ്. കൂടാതെ തീരസുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ കേന്ദ്ര ഫിഷറീസ് മന്ത്രാലയം, കേന്ദ്ര ജൽസക്തി മന്ത്രാലയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ അനുമതിയും വേണ്ടതാണ്. ഈ മന്ത്രാലയങ്ങൾ ഒന്നും അറിയാതെ പദ്ധതി നടപ്പായി എന്നു പറയുന്നത് നീതിക്ക് നിരക്കാത്തതാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും നിർദയം കൈയൊഴിഞ്ഞ പൊഴിയൂരിലെ കടൽക്ഷോഭ പരിഹാരത്തിനായി പരിമിതമായ എംപി ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയത് താനാണ്.

Q

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നടന്ന രണ്ട് പ്രധാന രാഷ്‌ട്രീയ വിവാദങ്ങളായിരുന്നു കെജ്‌രിവാളിന്‍റെ അറസ്റ്റും കോൺഗ്രസിന്‍റെ അക്കൗണ്ട് മരവിപ്പിച്ചതും. ഒരു ദേശീയ നേതാവെന്ന നിലയിൽ എന്താണ് ഇതെക്കുറിച്ച് പറയാനുള്ളത്?

A

ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. അത് പോലെ തന്നെയാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച വാർത്തയും. നമ്മുടെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഭരണകക്ഷിക്ക് അനുകൂലമായ തീരുമാനങ്ങൾ സർക്കാർ എടുക്കുന്നത് തടയാൻ ഒരു മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിൽ, ജനാധിപത്യത്തിന്‍റെ പ്രവർത്തനത്തെ നേരിട്ട് തടസപ്പെടുത്തുന്ന ഐടി, ഇഡി തുടങ്ങിയ സർക്കാർ വകുപ്പുകൾക്ക് സമാനമായ ചട്ടം എന്തുകൊണ്ട് ബാധകമല്ല?

പ്രധാന സ്ഥലങ്ങളിലെ പ്രതിപക്ഷം കൈയും കാലും കെട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുന്നത് നീതിപൂർവമായ ഒരു അവസ്ഥയല്ല. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ചേർത്തിട്ടുള്ള ജനാധിപത്യ തത്വങ്ങളോടുള്ള ഈ വഞ്ചനക്കെതിരെ സ്വമേധയാ കേസെടുക്കാൻ ഞാൻ സുപ്രീം കോടതിയോട് അഭ്യർഥിക്കുന്നു. അധികാരത്തിൽ ഇരിക്കുന്നവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. എന്നാൽ ഇപ്പോഴുള്ള ഈ നടപടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഈ രണ്ട് വിഷയങ്ങളും അന്വേഷിക്കാൻ ഐടിക്കും ഇഡിക്കും ഇത്രയും സമയമെടുക്കാമെങ്കിൽ, അവർക്ക് രണ്ട് മാസം കൂടി കാത്തിരിക്കാനാകാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ടുകൾ മരവിപ്പിക്കുന്നു. ഞങ്ങളുടെ അക്കൗണ്ടുകളിൽ നിന്നുള്ള പണം കള്ളക്കേസിൽ തട്ടിയെടുക്കുന്നു. ഇത് കേട്ടുകേൾവി ഇല്ലാത്തതും ജനാധിപത്യവിരുദ്ധവുമാണ്!

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com