
തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപിന്തുണ തനിക്കെന്ന സർവേ ഫലം പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരള വോട്ട് വൈബ് സർവേ 2026 എന്ന സ്വകാര്യ ഏജൻസി വഴിയാണ് സർവേ നടത്തിയിരിക്കുന്നത്. സ്വകാര്യ സർവേ ഫലം സംബന്ധിച്ച് എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത (28.3%) പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4% പേരുടെ പിന്തുണ മാത്രമാണുള്ളത്. ഇതുകൂടാതെ രമേശ് ചെന്നിത്തല (8.2%), കെ. മുരളീധരന്‍ (6%), കെ.സി. വേണുഗോപാൽ (4.5%), കെ. സുധാകരന്‍ (5%), സണ്ണി ജോസഫ് (2%) എന്നിവരും പട്ടികയിലുണ്ട്. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധതരംഗമുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.
നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്ത് എത്തണമെന്ന് (17.5%) പേരു മാത്രമാണ് അഭിപ്രായപ്പെട്ടത്. സിറ്റിങ് എംഎൽഎമാരെ മാറ്റണമെന്നാണ് പങ്കെടുത്ത (62%) പേരും ആഗ്രഹിക്കുന്നതെന്നാണ് സർവേഫലം പറയുന്നത്. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണിക്കും (4%), കെ.കെ. ഷൈലജക്കും (24.2%) പിന്തുണയുണ്ട്. മറ്റു നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് (27.1%) ആളുകളാണ്.
ഭാവി കേരളത്തിന്‍റെ വികസനത്തില്‍ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് യുഡിഎഫിനെയാണ് (38.9%) കൂടുതലും പേര്‍ പിന്തുണച്ചിട്ടുള്ളത്. എല്‍ഡിഎഫിനെ (27.8%) പേരും, എന്‍ഡിഎയെ (23.1%) പേരും പിന്തുണച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്‍റെ പാർട്ടി വീണ്ടുമെത്തണമോ എന്ന ചോദ്യത്തിന് യുഡിഎഫിനെ പിന്തുണയ്ക്കുന്ന (27.1%) ആളുകൾക്കും എൽഡിഎഫിനെ പിന്തുണയ്ക്കുന്ന (41.5 %) ആളുകൾക്കും അനിശ്ചിതത്വമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് രണ്ട് സഖ്യങ്ങളിലും വ്യക്തമായ നേതൃത്വ ശൂന്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ഇതോടൊപ്പം മറ്റുള്ളവയെ (4.2%) പേരും അഭിപ്രായം പറയാനില്ലെന്ന് (6%) പേരും രേഖപ്പെടുത്തി.