വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

വിഴിഞ്ഞത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്തുന്നതിനും പശ്ചാത്തല വികസനം ദ്രുതഗതിയിലാകുന്നതിനും എംഎസ്‌സിയുടെ ഈ വമ്പൻ നിക്ഷേപം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Vizhinjam International Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

Updated on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ വൻ വിദേശനിക്ഷേപത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി). എംഎസ്‌സിയുടെ ഏറ്റവും വലിയ കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തി ചരക്ക് നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ് (ടിഐഎൽ) വിഴിഞ്ഞം തുറമുഖത്തിൽ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്.

ഏകദേശം 27,000 കോടി രൂപ ഇടപാടാണ് നടക്കുന്നത്. ഇതിൽ 13,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തുക. ഇന്ത്യൻ തുറമുഖ മേഖലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിഴിഞ്ഞം തുറമുഖത്തിലേക്കെത്തുന്നതെന്നാണ് വിലയിരുത്തൽ. പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ തന്നെ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും സ്വന്തമാക്കിയ വിഴിഞ്ഞത്ത് ഇപ്പോൾ തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവർത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ടിഇയുവാണ് നിലവിലെ കണ്ടെയ്നർ കൈകാര്യ ശേഷി. 2028 ഡിസംബറിൽ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയർന്ന് 57 ലക്ഷം ടിഇയു ആകും.വിഴിഞ്ഞത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്തുന്നതിനും പശ്ചാത്തല വികസനം ദ്രുതഗതിയിലാകുന്നതിനും എംഎസ്‌സിയുടെ ഈ വമ്പൻ നിക്ഷേപം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്‍റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 18-20 മീറ്റർ സ്വാഭാവിക ആഴമുള്ളത് കൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്തിൽ സ്വീകരിക്കാൻ കഴിയും.

എംഎസ്‍സിയുടെ ഉപവിഭാഗമായ ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്നർ ടെർമിനലുകൾ ടിഐഎൽ‌ നിലവിൽ നിയന്ത്രിക്കുന്നുണ്ട്.പ്രതിവർഷം ശരാശരി ഏഴ് കോടി കണ്ടെയ്നറുകളാണ് ടിഐഎൽ കൈകാര്യം ചെയ്യുന്നത്.പുതിയ സഹകരണത്തിൽ തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെന്‍റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തമാക്കാനും റിലേ കാർഗോ വർധിപ്പിക്കാനും ഇതിലൂടെ കഴിയും. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ് എംഎസ്‌സി ഗ്രൂപ്പിന്‍റെ ഭാഗമായ ടിഐഎൽ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100ൽ അധികം കണ്ടെയ്നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും ഇവർക്കുണ്ട്.

കഴിഞ്ഞ ആഴ്ച വിഴിഞ്ഞം 1000ാമത്തെ കപ്പലിനെ സ്വാഗതം ചെയ്തു. ഇതിനകം 70ൽ അധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും 16 മീറ്ററിന് മുകളിലുള്ള ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

logo
Metro Vaartha
www.metrovaartha.com