

ശിവസൂര‍്യ
കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചതിന്‍റെ പേരിൽ കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടുപോയ 17കാരൻ ശിവസൂര‍്യയുടെ തിരോധനത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്.
17കാരന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം അച്ഛൻ ജിഗീഷിന്‍റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തി. ശിവസൂര‍്യയെ കാണാതായിട്ട് ഒക്റ്റോബർ 8ന് രണ്ട് മാസം പൂർത്തിയായി. ഓഗസ്റ്റ് 8നാണ് ശിവസൂര‍്യയെ കാണാതായത്.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നുവെങ്കിലും പ്രത‍്യേകിച്ച് സൂചനയൊന്നുമുണ്ടായിരുന്നില്ല. പണം കൊടുത്ത് ഗെയിമിൽ പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ മൊബൈൽ ഉപയോഗം വിലക്കിയെന്നും ഫോൺ വാങ്ങി വച്ചെന്നുമായിരുന്നു അന്ന് ശിവസൂര‍്യയുടെ മാതാപിതാക്കൾ വ‍്യക്തമാക്കിയിരുന്നത്. കുട്ടിയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയണം എന്നാണ് എഴുതിയിരിക്കുന്നത്.