

ശബരിമലയിൽ നെയ്യിന് ക്ഷാമം
file image
തിരുവനന്തപുരം: ശബരിമല തീർഥാടനകാലം ആരംഭിക്കാനിരിക്കേ സന്നിധാനത്ത് നെയ്യിന് ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അധികമായി നെയ്യ് സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു. അതേസമയം, അരവണയുടെയും അപ്പത്തിന്‍റെയും ലഭ്യതയിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തീർഥാടനകാലത്തിന് മുന്നോടിയായി ചേർന്ന ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീചിത്തിര ആട്ടവിശേഷത്തിന്‍റെ ഭാഗമായി അടുത്തിടെ നട തുറന്നപ്പോഴുണ്ടായ ക്രമീകരണങ്ങളിലെ പോരായ്മകളും ജയകുമാർ സമ്മതിച്ചു. അപ്പം നിർമാണത്തിലുണ്ടായ താമസവും ചില സ്ഥലങ്ങളിലെ ജലവിതരണ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ രണ്ട് മണിക്കൂറോളം അപ്പം ലഭ്യമല്ലാത്ത സാഹചര്യമുണ്ടായി. ചില സ്ഥലങ്ങളിൽ വെള്ളം ലഭിക്കാത്തതായും പരാതിയുയർന്നു. മുൻവർഷത്തെ കരാറുകൾ ഒക്റ്റോബർ 31ന് അവസാനിക്കുകയും പുതിയ കരാറുകൾ നിലവിൽ വരുന്നതിൽ കാലതാമസമുണ്ടാകുകയും ചെയ്ത ഇടക്കാലത്താണ് പ്രശ്നങ്ങളുണ്ടായത്. ഇത്തരം പോരായ്മകൾ പരിഹരിച്ച് കൂടുതൽ മികച്ച ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ബോർഡ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരവണയുടെയും അപ്പത്തിന്‍റെയും ഉൽപാദനത്തിൽ ആശങ്കയില്ലെങ്കിലും നെയ്യിന്‍റെ നിലവിലുള്ള സ്റ്റോക്ക് കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ജയകുമാർ വ്യക്തമാക്കി.
നവംബർ 17 മുതൽ ശബരിമല തീർഥാടകർ എത്തിത്തുടങ്ങുന്നതോടെ നെയ്യ് വഴിപാടായി സമർപ്പിക്കുന്നതും വർധിക്കും. അതുവരെ ആവശ്യമായ നെയ്യ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ബോർഡ് യോഗം ചർച്ച ചെയ്തു. എന്നാൽ കഴിഞ്ഞവർഷത്തെ നെയ്യ് സംഭരണവുമായി ബന്ധപ്പെട്ട കേസുകളും തർക്കങ്ങളും ഉൾപ്പെടെയുള്ള നിയമപരമായ വിഷയങ്ങൾ പരിശോധിച്ചശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. എങ്ങനെയെങ്കിലും നെയ്യ് സംഭരിക്കേണ്ടതുണ്ട്. എന്നാൽ നിയമോപദേശം തേടുകയും ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുകയും ചെയ്തശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂവെന്നും അദ്ദേഹം പറഞ്ഞു.