

'തൊഴിലാളികളെ മറക്കരുത്'; പൊതു ചർച്ചയിൽ വിമർശനം
## എം.ബി. സന്തോഷ്
കൊല്ലം: വ്യവസായ വികസനത്തിന്‍റെ പേരിൽ വൻകിട കോർപ്പറേറ്റുകളെ ചേർത്തുനിർത്തുമ്പോൾ എല്ലാ കാലത്തും പാർട്ടിക്കൊപ്പമുണ്ടായിരുന്ന അടിസ്ഥാന തൊഴിലാളി വർഗത്തെ മറക്കരുതെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു ഈ വിമർശനം.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ തിരിച്ചടിക്കു കാരണം കയർ ഉൾപ്പെടെയുള്ള മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ കൈവിട്ടതാണ്. അവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായി. പാവപ്പെട്ട ആ തൊഴിലാളികൾ എല്ലാക്കാലത്തും സിപിഎമ്മിനൊപ്പം നിന്നവരാണെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ പ്രതിനിധി ചർച്ചയിൽ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ പ്രാദേശിക പക്ഷപാതിത്വമാണെന്നും എല്ലാം കണ്ണൂരുകാർക്കാണ് ലഭിക്കുന്നതെന്നും വിമർശനമുയർന്നു.
പാർട്ടി സെക്രട്ടറി എപ്പോഴും മെറിറ്റും മൂല്യവും പറയുമെങ്കിലും പാർട്ടിയിലും സർക്കാരിലും പദവി പങ്കുവയ്ക്കുമ്പോൾ കണ്ണൂരുകാർക്ക് മാത്രം. ഇത് ഒരു ജില്ലയ്ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ടോ എന്നായിരുന്നു പരിഹാസം. പത്തനംതിട്ടയിൽ നിന്നുള്ള പി.ബി. ഹർഷകുമാറിന്‍റേതാണ് ഈ വിമർശനം. മറ്റു ജില്ലകളിൽ നിന്ന് സംസാരിച്ചവരും ഈ വിമർശനം ഏറ്റെടുത്തു.
മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ മന്ത്രിമാർ പ്രതിരോധിക്കാനെത്തുന്നില്ല എന്ന തിരുവനന്തപുരത്തുനിന്നുള്ള എസ്.കെ. പ്രീജയുടെ പരാതി കൈയടിയോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്. വിമർശനങ്ങളിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടുപോവുന്നു. ഇതുമൂലം പ്രതിപക്ഷ ആക്രമണം വർധിച്ചു. എതിരാളികൾ മുതലെടുപ്പു നടത്തുന്നത് കാണാതെ പോകരുതെന്നും ആവശ്യമുയർന്നു. സമാനമായ വിമർശനം മറ്റു ജില്ലകളിൽനിന്നും ഉണ്ടായി.
തദ്ദേശ വാർഡ് വിഭജനം എൽഡിഎഫിന് ദോഷം ചെയ്തെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. വിഭജനം നടത്തിയത് ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്താണ്. അതിന്റെ കെടുതികൾ ആവശ്യമില്ലാതെ പാർട്ടിയും സർക്കാരും ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ ചേർന്നു കഴിഞ്ഞ് ചിലർ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ സമ്പന്നരായിട്ടുണ്ടോ എന്നതിൽ പരിശോധന നടത്തണമെന്നും ആവശ്യമുയർന്നു. സിപിഎമ്മിന് ദേശീയതലത്തിൽ ഒരിടമില്ലാത്തത് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും പ്രതിനിധികൾ പറഞ്ഞു.
ഏഴര മണിക്കൂർ നീണ്ട ചർച്ച വെള്ളിയാഴ്ച രാത്രി അവസാനിച്ചു. 12 വനിതകൾ ഉൾപ്പെടെ 47 പേർ ചർച്ചയിൽ പങ്കെടുത്തു. ശനിയാഴ്ച സെക്രട്ടറിയുടെ മറുപടിക്കു ശേഷം റിപ്പോർട്ട് അംഗീകരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച "നവകേരളത്തിനുള്ള പുതുവഴികൾ' എന്ന വികസന രേഖയെപ്പറ്റി ചർച്ച ഇന്നാണ്. തുടർന്ന് മുഖ്യമന്ത്രിയുടെ മറുപടി. പുതിയ സംസ്ഥാന സമിതിയെയും സെക്രട്ടറിയേയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നത് സമാപന ദിവസമായ നാളെയാണ്. അന്ന് ഉച്ചയ്ക്കു ശേഷമാണ് ചുവപ്പുസേനാ മാർച്ചും പൊതുസമ്മേളനവും.
'ആശ'മാരുടെ സമരം മുന്നറിയിപ്പ്
ആശാ വർക്കർമാരുടെ സമരം മുന്നറിയിപ്പാണെന്ന് പ്രതിനിധികൾ. ആ സമരം ഒത്തുതീർപ്പാക്കാക്കേണ്ടതായിരുന്നു. ആംഗൻവാടി ഹെൽപർമാരും സമരത്തിന് ഇറങ്ങുന്ന സ്ഥിതിയുണ്ട്. അവർക്കും നാലഞ്ചുമാസത്തെ ശമ്പള കുടിശികയുണ്ട്. ഇത്തരം അടിസ്ഥാന വിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ പോയാൽ പ്രത്യഘാതം ഉണ്ടാകും. ആശാ വർക്കർമാരുടെ സമരത്തിനിടയിൽ പിഎസ്‌സി അംഗങ്ങൾക്ക് സ്വർണക്കരണ്ടിയിൽ ശമ്പളം നൽകുന്ന തീരുമാനം വന്നത് തെളിഞ്ഞ വെള്ളത്തിൽ നഞ്ച് കലക്കിയത് പോലെ സർക്കാരിനെ ബാധിക്കുന്നുവെന്നുമായിരുന്നു പ്രതിനിധികളുടെ കുറ്റപ്പെടുത്തൽ.