
തിരുവനന്തപുരം: കനത്ത മഴ തുടരുന്നത് സാഹചര്യത്തിൽ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും. നിലവിൽ 70 സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഇതിനുപുറമേ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തുമെന്നാണ് അറിയിപ്പ്. ഇതേ തുടർന്ന് സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി.
ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിൽ മന്ത്രിമാർ നിർദ്ദേശം നൽകി.