കൊച്ചി: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രമുഖ നടൻ സിദ്ദിഖ് എം മുകേഷ് എംഎല്‍എയ്ക്കും ഇന്ന് നിർണായകം. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം. സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചത്. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മുകേഷിനെതിരെ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസ് എടുത്തിരുന്നു. 13 വര്‍ഷം മുന്‍പ് നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്.
ഇതോടൊപ്പം നടന്‍ ഇടവേള ബാബു മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെന്‍ററിന്‍റെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ആറാം തിയതി പരിഗണിക്കാൻ മാറ്റി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്.