കൊച്ചി: യുവനടിയുടെ പരാതിയിൽ ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതി തന്നെ അപമാനിക്കാനാണെന്നും ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നത്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച കാര്യങ്ങളാണ് വീണ്ടും ആരോപിക്കുന്നത്. എന്നാൽ അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. അത് ഇപ്പോൾ മാത്രമാണ് പറയുന്നത്. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം.
2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. യുവനടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തി.