'ആരോപണങ്ങൾക്കു പിന്നിൽ പ്രത്യേക അജണ്ട': രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി സിദ്ദിഖ്

വ്യത്യസ്ത സമയങ്ങളിൽ ഇവര്‍ വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിദ്ദിഖ്
Siddique filed complaint against Revathi Sampath to the DGP
സിദ്ദിഖ് | രേവതി സമ്പത്ത്file
Updated on

കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടന്‍ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ട്. നടി വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സിദ്ദിഖ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

തന്‍റെയും താരസംഘടന അമ്മയുടേയും പേര് കളങ്കപ്പെടുത്തുകയാണ് ലക്ഷ്യം. വ്യാജ പ്രചാരണത്തിന് വേണ്ടി ചിലര്‍ രേവതി സമ്പത്തിനെ ഉപയോഗിച്ചു. "അമ്മ'യ്ക്ക് എതിരെ ആരോപണം ഉണ്ടായപ്പോള്‍ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേര്‍ന്ന് ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിക്കെതിരെ ആദ്യ പോസ്റ്റ് ഇട്ടത്. താന്‍ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോള്‍ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. പിന്നീട് പലതവണ സോഷ്യല്‍ മീഡിയകള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ഇപ്പോൾ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാണ് നടി ആരോപിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ വ്യത്യസത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ഒരു പ്രത്യേക അജണ്ട ഉണ്ടെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. ചൈനയില്‍ മെഡിസില്‍ പഠിക്കാന്‍ പോയ രേവതി സമ്പത്ത്, സഹപാഠിയുടെ നഗ്ന ഫോട്ടോ എടുത്തുവെന്ന ആരോപണം ഒരു ഫാഷന്‍ ഷോ കോര്‍ഡിനേറ്റര്‍ വഴി താന്‍ കേട്ടിട്ടുണ്ടെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. രേവതി സമ്പത്തിനെ ഒരു ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടിട്ടുള്ളതെന്നും പരാതിയില്‍ സിദ്ദിഖ് പറയുന്നുണ്ട്.

നടി രേവതി സമ്പത്തിന്‍റെ ആരോപണത്തെത്തുടര്‍ന്ന് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. സിനിമ ചര്‍ച്ച ചെയ്യാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തു എന്നാണ് നടി ആരോപിച്ചത്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. തന്‍റെ സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചിരുന്നു. 2019 ലും സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com