കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രമുഖ നടൻ സിദ്ദിഖ് സുപ്രീം കോടതിയുടെ അനുകൂല വിധി വന്നതിനെ തുടർന്ന് കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വ. ബി. രാമൻ പിള്ളയുടെ ഓഫീസിലായിരുന്നു ഒരു മണിക്കൂർ കൂടിക്കാഴ്ച. സുപ്രീംകോടതി അദ്ദേഹത്തിന്‍റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞതിനു പിന്നാലെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.
അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. സിദ്ദീഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്. ഇപ്പോഴത്തെ നിലയിൽ അറസ്റ്റ് ചെയ്താൽ കസ്റ്റഡി ചോദ്യം ചെയ്യൽ അസാധ്യമാകും. മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കേണ്ടതായി വരും. അതൊഴിവാക്കി ചോദ്യം ചെയ്ത് വിട്ടയയ്ക്കാനും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായ ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആലോചന.
ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിച്ചില്ലെങ്കിൽ 22ന് ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘത്തിന് ആവശ്യപ്പെടാം. എന്നാൽ പൊലീസിന്‍റെ നോട്ടീസ് രണ്ട് ദിവസത്തിനകം കിട്ടിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നേരിട്ട് ഹാജരാകാനാണ് സിദ്ദീഖിന്‍റെ തീരുമാനം. അതുവഴി അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്ന് സുപ്രീം കോടതിയിൽ നിലപാടെടുക്കാം.