

ന്യൂഡൽഹി: എസ്ഐആർ നടപടികൾക്ക് രണ്ടാഴ്ച കൂടി സമയം നീട്ടണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സമയപരിധി ഈമാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷം പേരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അർഹതയുള്ള ഒരാൾ പോലും പട്ടികയിൽ നിന്ന് പുറത്ത് പോകരുത്. കുറ്റമറ്റ രീതിയിൽ എസ്ഐആർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് കേരളം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജി ആദ്യം പരിഗണിച്ചപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ സമയം നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനും എസ്ഐആറിനും ഒരേ ജീവനക്കാരാണെന്നും അന്ന് പരിഗണിച്ചപ്പോൾ കോടതിയെ അറിയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ നീട്ടിയത്. എസ്ഐആർ നീട്ടണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നിവേദനം പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിവേദനം പരിഗണിച്ച് കൈകൊണ്ട തീരുമാനം സുപ്രീംകോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.