

തന്ത്രി കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ കണ്ഠര് രാജീവർക്കെതിരേ ഗുരുതര ആരോപണവുമായി എസ്ഐടി റിപ്പോർട്ട്. ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുന്നതു തടയാതെ കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജിവരെ റിമാൻഡ് ചെയ്തു. ജനുവരി 23 വരെയാണ് തന്ത്രിയെ റിമാൻഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും. 13ന് ജാമ്യാപേക്ഷ പരിഗണിക്കും.
ശബരിമല ശ്രീകോവിലിന്റെ വാതില്‍ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന സ്വർണം പതിച്ച രണ്ട് ചെമ്പ് പാളികളും കട്ടിളയുടെ മുകള്‍ പടിയിലുള്ള സ്വർണം പതിച്ച ചെമ്പ് പാളിയും കട്ടിളക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വർണം പതിച്ച ശിവ,വ്യാളീരൂപവും അടങ്ങുന്ന രണ്ട് പ്രഭാമണ്ഡല പാളികളും അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശുന്നതിന് ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുന്നതിനു തന്ത്രി ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല. താന്ത്രിക നടപടികള്‍ പാലിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് പതിമൂന്നാം പ്രതിയായ തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്‌ഐടി പറയുന്നു. എന്നിട്ടും ഇതു തടയാന്‍ തന്ത്രി തയാറായില്ല. കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും റിപ്പോർട്ടിലുണ്ട്.
ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. കണ്ഠര് രാജീവരുടെ അറസ്റ്റ് അനിവാര്യമാണെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. അതേസമയം, കേസിൽ പ്രതിഭാഗം ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. കേസിൽ പതിനൊന്നാം പ്രതിയാണ് കണ്ഠര് രാജീവർ.