

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ‍്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ് പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും. ഡിസിപി ഉൾപ്പെടുന്ന സംഘത്തിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് നേതൃത്വം വഹിക്കും.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്നെ ഉത്തരവിറക്കിയേക്കുമെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിപ്പിച്ച് ഗർഭഛിദ്രം നടത്തി, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്.
ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചെന്നും നഗ്ന ദൃശ‍്യങ്ങൾ വിഡിയോയിൽ പകർത്തുകയും തുടർന്ന് അതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ ഫ്ലാറ്റിൽ വെച്ച് ദേഹോപദ്രവമേൽപിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്‍റെ സഹായത്തോടെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നൽകിയെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.