സ്കൂളിൽ വൈകിയെത്തിയതിന് 5-ാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസ മന്ത്രി

കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷം ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തിയതായി പരാതി
sivankutty orders probe against school locking child
Minister V Sivankutty

file image

Updated on

തിരുവനന്തപുരം: സ്‌കൂളില്‍ എത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

"സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ല.എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല."

"ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസിലാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കും." - മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയോടെയണ് സംഭവം. സ്കൂളിൽ വൈകിയെത്തിയതിനാൽ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷം ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്. സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തിയതായും കുട്ടിയെ ടിസി തന്ന് പറഞ്ഞുവിടുമെന്നും പറഞ്ഞതായും രക്ഷിതാക്കൾ കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തി. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com