
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡികാലാവധി അവസാനിച്ചതിനെ തുടർന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടില്ല. തുടർന്നാണ് ശിവശങ്കറിനെ കോടതി റിമാൻഡുചെയ്തത്. ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശിവശങ്കറിന്‍റെ ആവശ്യം.
9 ദിവസത്തോളമാണ് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. എന്നാൽ ഇത്ര ദിവസം ചോദ്യം ചെയ്തിട്ടും ശിവശങ്കർ കൃത്യമായ ഉത്തരങ്ങളൊന്നും നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും ലൈഫ് മിഷൻ കോഴപ്പണം കൈപ്പറ്റിയതിനെക്കുറിച്ച് ശിവശങ്കർ വെളുപ്പെടുത്തിയിട്ടില്ല. സ്വപ്നയും ശിവശങ്കറുമായുള്ള വാട്സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് ശിവശങ്കർ പ്രതികരിച്ചത്.