

കേരളത്തിലെ ആദ്യ സ്കിൻ ബാങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനം ആരംഭിച്ചു. തിങ്കളാഴ്ച മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി ഷിബുവിന്‍റെ ചർമം ദാനം ചെയ്തതോടെയാണ് സ്കിൻ ബാങ്കിൽ ആദ്യ ചർമം ലഭിച്ചത്. ഷിബുവിന്‍റെ ചർമത്തിന്‍റെ സംസ്കരണ പ്രക്രിയകൾ ആരംഭിച്ചു. മൂന്ന് മാസം മുൻപാണ് സ്കിൻ ബാങ്കിന്‍റെ ഉദ്ഘാടനം കഴിഞ്ഞത്.
എന്നാൽ സ്കിൻ ലഭിക്കാത്തതിനാൽ ഇതിന്‍റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഡിസംബർ 14ന് ഉണ്ടായ വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.
ഷിബുവിന്‍റെ അമ്മ എടുത്ത നിർണായക തീരുമാനമാണ് 7 ജീവനുകൾ രക്ഷിച്ചത്. അപകടത്തിലും, പൊള്ളലേറ്റും ചർമം നഷ്ടപ്പെട്ടവർക്ക് ലോകോത്തര ചികിത്സ ഉറപ്പുവരുത്താനാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയത്. കോട്ടയം മെഡിക്കൽ കോളെജിലും സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.