
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യൻ ചെറു ധാന്യങ്ങളുടെ (മില്ലറ്റ്) (millets) കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരും ലുലു ( Lulu Group) ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് ശൃംഖലയും ധാരണയിലെത്തി. ചെറുധാന്യങ്ങളുടെ വർഷമായാണു ലോകരാജ്യങ്ങൾ 2023നെ ആഘോഷിക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അഥോറിറ്റി (എപിഇഡിഎ) കഴിഞ്ഞദിവസം ലുലു ഹൈപ്പർമാർക്കറ്റ് എൽഎൽസിയുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിങ് മാളുകളും ലുലു ഗ്രൂപ്പിനുനുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.ഉടമ്പടി പ്രകാരം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യൻ ചെറുധാന്യ ഉത്പന്നങ്ങളുടെ പ്രോത്സാഹന പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് സുഗമമാക്കും.
മില്ലറ്റുകളും അതിന്റെ മൂല്യവർധിത ഉത്പന്നങ്ങളും, റെഡി ടു ഈറ്റ് വിഭവങ്ങളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയ്ൽ ശൃംഖലകളിൽ പ്രദർശിപ്പിക്കാൻ ലുലു അവസരമൊരുക്കും. മില്ലറ്റ് ഉത്പന്നങ്ങളുടെ വിവിധ സാംപിളുകൾ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് അയയ്ക്കാൻ നിർമാതാക്കൾക്ക് കേന്ദ്ര അഥോറിറ്റി സൗകര്യമൊരുക്കും. തുടർന്ന് അത് വിവിധ ലുലു സ്റ്റോറുകളിൽ പ്രദർശിപ്പിക്കും. ലുലു ഗ്രൂപ്പുമായി സഹകരിച്ച്, ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഉത്പന്നങ്ങളുടെ ലേബൽ ചെയ്യുന്നതിനുള്ള സഹായവും അഥോറിറ്റി നൽകും.
എപിഇഡിഎ ഡയറക്റ്റർ ഡോ. തരുൺ ബജാജും ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.ഐ. സലിമും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എപിഇഡിഎ ചെയർമാൻ ഡോ. എം. അംഗമുത്തു, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു.
ചോളം, റാഗി (പഞ്ഞപ്പുല്ല്), തിന, കൂവരക്, ചാമ, കവടപ്പുല്ല്, വരക്, കമ്പം തുടങ്ങിയവയെയാണു പ്രധാന ചെറുധാന്യങ്ങളായി കണക്കാക്കുന്നത്. തുവര, മുതിര, ബാർലി ഇനത്തിൽപ്പെട്ട ചില ചെറുപയർവർഗങ്ങളെയും ഇതിൽ ഉൾപ്പെടുത്താറുണ്ട്.