സ്മാർട്ട് മീറ്റർ ടെന്‍ഡർ നടപടികൾ മരവിപ്പിച്ചു; വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം തീരുമാനം

ഒരു മീറ്ററിന് 9000 രൂപയോളം ഉപയോക്താക്കൾ മുടക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ പദ്ധതിയെ എതിർത്തിരുന്നു.
സ്മാർട്ട് മീറ്റർ ടെന്‍ഡർ നടപടികൾ മരവിപ്പിച്ചു; വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം തീരുമാനം

തിരുവനന്തപുരം: കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതിയുടെ ടെന്‍ഡർ നടപടികൾ മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ നടപടികളുണ്ടാവില്ല. ഉപയോക്താക്കളിൽ വൻ തുക അടിച്ചേൽപ്പിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരു മീറ്ററിന് 9000 രൂപയോളം ഉപഭോക്താക്കൾ മുടക്കേണ്ടിവരുമെന്നു ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ പദ്ധതിയെ എതിർത്തിരുന്നു.

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. പദ്ധതി ടോട്ടക്സ് മോഡില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ആര്‍ ഡി എസ് എസ് പദ്ധതിയുടെ നിലവിലുള്ള സ്ഥിതിയും, കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നിര്‍ദേശങ്ങളും കെ എസ് ഇ ബിയിലെ ഡയറക്റ്റര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു.

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടത്തിപ്പിന് സംസ്ഥാനത്തിന്‍റെ അധിക കടമെടുപ്പുമായി ബന്ധമുണ്ടോ എന്ന വിഷയത്തിലും, ഈ പദ്ധതി ടോട്ടക്സ് മോഡില്‍ നടപ്പാക്കിയില്ലെങ്കില്‍ വൈദ്യുതി വിതരണ മേഖലയുടെ നവീകരണത്തിനും ശാക്തീകരണത്തിനുമായി ലഭിക്കേണ്ട 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നഷ്ടപ്പെടുമോ എന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സമഗ്ര പരിശോധന നടത്തണമെന്ന് യോഗത്തില്‍ മന്ത്രി കൃഷ്ണൻകുട്ടി നിർദേശിച്ചു.

വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന പരിഷ്കരണത്തിന്‍റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദശിച്ചത്. ഈ സംവിധാനം വരുന്നതോടെ മൊബൈൽ ഫോൺ ബില്ലടയ്ക്കുന്നതുപോലെ മുൻകൂട്ടി പണമടച്ചശേഷം വൈദ്യുതി ഉപയോഗിക്കേണ്ടിവരും. ഇത് പ്രകാരം 25 ശതമാനത്തിലധികം വൈദ്യുത പ്രസരണ വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ വരുന്ന ഡിസംബറിന് മുൻപ് സ്മാർട് മീറ്റർ സ്ഥാപിക്കണം. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അനുമതിയുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com