മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

നാലു പതിറ്റാണ്ടിലധികം ജമാഅത്തെ ഇസ്‌ലാമിയുടെ തോളില്‍ കൈയിട്ട് നടന്ന സിപിഎമ്മാണ് യുഡിഎഫിനെ വിമര്‍ശിക്കുന്നത്.
VD Satheesan, Pinarayi Vijayan

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ

From a speech at the "Meet the Press" event organized by the Malappuram Press Club

Updated on

വി.ഡി. സതീശൻ

സിപിഎമ്മിനൊപ്പം ആരെങ്കിലും ചേര്‍ന്നാല്‍ അവർ മതേതര പാര്‍ട്ടിയെന്നും കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വര്‍ഗീയ പാര്‍ട്ടിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നയം അംഗീകരിക്കാനാവില്ല. നാലു പതിറ്റാണ്ടിലധികം ജമാഅത്തെ ഇസ്‌ലാമിയുടെ തോളില്‍ കൈയിട്ട് നടന്ന സിപിഎമ്മാണ് യുഡിഎഫിനെ വിമര്‍ശിക്കുന്നത്. മുസ്‌ലിം ലീഗിന്‍റെ പിന്നാലെ നടന്നപ്പോള്‍ "ലീഗ് വര്‍ഗീയ ശക്തിയല്ല, മതേതര പാര്‍ട്ടിയാണ്' എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ലീഗിനെ തള്ളിപ്പറയുന്നത്.

യുഡിഎഫ് ജമാഅത്ത് ഇസ്‌ലാമിയുമായി കൂട്ടുകൂടിയെന്നും സിപിഎമ്മിന് ഒരു കാലത്തും അവരുമായി ബന്ധം ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രി ഇപ്പോൾ തൃശൂരിലെ മാധ്യമങ്ങളോടു പറയുന്നത്. 1977 മുതലാണ് ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്നത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സിപിഎമ്മിനായിരുന്നു. പിന്നീട് 2019 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും 42 വര്‍ഷവും അവര്‍ സിപിഎമ്മിന് ഒപ്പമായിരുന്നു.

എന്നിട്ടാണ് തങ്ങള്‍ക്ക് അവരുമായി ഒരു കാലത്തും ബന്ധം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. 1996 ഏപ്രില്‍ 22ന് ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയെ "ശ്രദ്ധേയമായ പിന്തുണ' എന്നാണ് വിശേഷിപ്പിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്‌ട്രീയ അടിത്തറ ശക്തമാക്കുമെന്നുമാണ് അന്നു ദേശാഭിമാനി പറഞ്ഞത്.

അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമി അമീറുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത് പിണറായി വിജയനും സിപിഎം നേതാക്കളും എത്രയോ തവണയാണ് സന്ദര്‍ശനം നടത്തിയത്. ജമാഅത്തെ ഇസ്‌ലാമിയുമായി നടത്തിയതു രഹസ്യ ചര്‍ച്ചയല്ലെന്ന് പിണറായി പറഞ്ഞ വാര്‍ത്തയും പൊതു മധ്യത്തിലുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി പല കാര്യങ്ങളിലും സിപിഎമ്മിന് യോജിപ്പാണെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിന് സാമ്രാജ്യത്വ ബന്ധമുണ്ടെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്‌ലാമി എല്‍ഡിഎഫിന് പിന്തുണ നല്‍കി എന്ന വാര്‍ത്ത വന്നതും ദേശാഭിമാനിയിലാണ്. കോയമ്പത്തൂരില്‍ വിജയിച്ച സിപിഎം സ്ഥാനാർഥി നന്ദി പറയാന്‍ ജമാ അത്തെ ഇസ്‌ലാമി സ്ഥാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഓഫിസിലെത്തി. ഇതെല്ലാം കേരളം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം.

നാലര പതിറ്റാണ്ടു കാലം ജമാഅത്തെ ഇസ്‌ലാമിയുടെ തോളില്‍ കൈയിട്ട് നടന്നവര്‍ ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വിമര്‍ശിക്കുകയാണ്. നായനാരുടെ കാലത്ത് പിആര്‍ഡി ഇറക്കിയ സര്‍ക്കാരിന്‍റെ നേട്ടങ്ങളില്‍ അബ്ദുൾ നാസർ മദനിയെ തമിഴ്നാട് പൊലീസിന് കൈമാറിയത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടമെന്നാണ് വിവരിച്ചത്.

എന്നിട്ട്, അതേ മദനിക്ക് വേണ്ടിയാണ് പിണറായി വിജയന്‍ ശംഖുംമുഖം ബീച്ചില്‍ ഒരു മണിക്കൂര്‍ കാത്തിരുന്നത്. കാപട്യത്തിന്‍റെ പേരാണോ പിണറായി വിജയന്‍? ഏത് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും ഏത് ജമാഅത്ത് ഇസ്‌ലാമിയെന്നും പിണറായി വിജയന്‍ ചോദിക്കാമോ?സിപിഎമ്മിനൊപ്പം ചേര്‍ന്നാല്‍ മതേതര പാര്‍ട്ടി, കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വര്‍ഗീയ പാര്‍ട്ടി എന്ന സിപിഎം അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം.

വെല്‍ഫെയര്‍ പാര്‍ട്ടി 2019 മുതല്‍ യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. ആ പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുമുണ്ട്. അല്ലാതെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലെ ഘടകകക്ഷിയോ അസോസിയേറ്റ് അംഗമോ അല്ല. പ്രദേശികമായി ചില സ്ഥലങ്ങളില്‍ ചില നീക്കുപോക്കുകളുണ്ടായിട്ടുണ്ട്.

.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com