ട്രെയിനിൽ പാമ്പ് കടിച്ചെന്ന് വനിതാ ഡോക്റ്റർ; പരിശോധനയിൽ കണ്ടത് എലിയെ

കഴിഞ്ഞ ഏപ്രിൽ 15ന് ഏറ്റുമാനൂരിലും സമാനമായ സംഭവമുണ്ടായിരുന്നു.
snakes bites a passenger in nilambur shornur passenger train found rat
Train file image

ഷൊര്‍ണൂര്‍: ട്രെയ്‌ൻ യാത്രയ്ക്കിടെ പാ‌മ്പ് കടിച്ചെന്ന സംശയത്തിൽ വനിതാ ഡോക്‌റ്റർക്ക് അടിയന്തര ചികിത്സ നൽകി. എന്നാൽ ട്രെയ്‌ൻ നിർത്തിയിട്ട് നടത്തിയ പരിശോധനയിൽ കടിച്ചത് എലിയാണെന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ നിലമ്പൂർ-ഷൊർണൂർ റൂട്ടിലാണ് സംഭവം. നിലമ്പൂരില്‍ നിന്നു ഷൊര്‍ണൂരിലേക്ക് വരികയായിരുന്ന രാജ്യറാണി എക്‌സ്പ്രസ് വല്ലപ്പുഴ സ്റ്റേഷനില്‍ എത്തും മുമ്പാണ് യാത്രക്കാരിയായ ഷൊര്‍ണൂര്‍ കുളപ്പുള്ളി വിഷ്ണു ആയുര്‍വേദ ആശുപതിയിലെ ഡോക്റ്റര്‍ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി(25)ക്ക് സീറ്റിനടിയില്‍ നിന്നും കാലില്‍ കടിയേറ്റത്. കടിയേറ്റ അടയാളവുമുണ്ടായിരുന്നു. വല്ലപ്പുഴ സ്റ്റേഷനിലിറങ്ങിയ ഡോക്‌റ്റർ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മെഡിക്കൽ പരിശോധനയിലും തുടർന്ന് നടത്തിയ നിരീക്ഷണത്തിലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെ ഇവർ വീട്ടിലേക്ക് മടങ്ങി.

പാമ്പുണ്ടെന്ന സംശയത്തെ തുടർന്ന് ഈ കംപാര്‍ട്ട്മെന്‍റ് യാത്രക്കാരെ കയറ്റാതെ അടച്ചിട്ടാണ് ട്രെയ്‌ൻ തിരിച്ച് നിലമ്പൂരിലെത്തിയത്. നിലമ്പൂരിൽ ആർപിഎഫും വനംവകുപ്പുദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും സാങ്കേതിക ജീവനക്കാരുമടക്കം നടത്തിയ പരിശോധനയിൽ ഒരു എലിയെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. കടിച്ചത് എലിയാണെന്ന വിലയിരുത്തലിലാണ് അധിക‌ൃതർ.

കഴിഞ്ഞ ഏപ്രിൽ 15ന് ഏറ്റുമാനൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. ഗുരുവായൂർ - മധുര എക്‌സ്‌പ്രസിലെ ഏഴാം നമ്പർ കോച്ചിൽ യാത്ര ചെയ്തിരുന്ന മധുര സ്വദേശി കാർത്തിക് (21) ആണ് പാമ്പ് കടിയേറ്റതായി പറഞ്ഞത്. ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാർത്തിക് ട്രെയ്‌നിൽ പാമ്പിനെ കണ്ടെന്നും അറിയിച്ചിരുന്നു. കോട്ടയം റെയ്‌ൽവേ സ്റ്റേഷനിലെത്തിച്ച ട്രെയ്‌നിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല.

Trending

No stories found.

Latest News

No stories found.