'ലൈക്കുകള്‍ ഉറപ്പുവരുത്തണം, വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം'; സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം

നവമാധ്യമരംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ ഇപ്പോള്‍ വലിയ പോരായ്മയുണ്ടെന്നാണ് പാ‍ർട്ടി നിരീക്ഷണം.
'ലൈക്കുകള്‍ ഉറപ്പുവരുത്തണം, വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം'; സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം
Updated on

തിരുവനന്തപുരം: വിവാദങ്ങളും ആരോപണങ്ങളും തുടർച്ചയാകുന്ന സാഹചര്യത്തിൽ സർക്കാരിനെയും പാ‍ർട്ടിയെയും പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം. നവമാധ്യമങ്ങളില്‍ "ലൈക്കുകള്‍' ഉറപ്പുവരുത്തണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചാരണം ശക്തമാക്കണമെന്നും തുടങ്ങിയ നിർദേശങ്ങളാണ് സിപിഎം സംസ്ഥാന കമ്മിറ്റി അവലോകന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലൈക്കുകൾ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ബൂത്തുകളില്‍ 200 പേരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിരാളികൾക്കു വിപുലമായ പ്രചരണ സംവിധാനമാണ് നിലവിലുള്ളത്. പ്രചരണ വാചകങ്ങൾ പോലും ഇത്തരം സംവിധാനങ്ങളാണ് നൽകുന്നത്. എതിര്‍പ്രചരണങ്ങളെ പ്രതിരോധിക്കാനായി ഇത്തരം നീക്കങ്ങൾ ആവശ്യമാണ്.

നവമാധ്യമരംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ ഇപ്പോള്‍ വലിയ പോരായ്മയുണ്ടെന്നാണ് പാ‍ർട്ടി നിരീക്ഷണം. ഓരോ വകുപ്പിന് നേരെയും ഉയർന്നു വരുന്ന ആരോപണങ്ങൾ അതാത് ഘട്ടങ്ങളിൽ പ്രതിരോധിക്കണം. മന്ത്രി ഓഫിസുകളുടെ ഏകോപനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് മുൻകൈയ്യെടുക്കണമെന്നും പിആർഡി സംവിധാനം ഏറെ മെച്ചപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. സര്‍ക്കാരിന്‍റെ വികസന നേട്ടം എല്ലാ വീടുകളിലുമെത്തിക്കുന്നതിനായി പിആര്‍ഡിയുമായി സഹകരിച്ച് പദ്ധതി തയാറാക്കണം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തെറ്റായി എത്തിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ സിപിഎം ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com