അറബിക്കടലിലേക്ക് ഒഴുകുന്നത് 50 ലക്ഷം ടൺ ഊറൽ

കേരള സർവകലാശാല ജിയോളജി വിഭാഗത്തിന്‍റെ പഠനമനുസരിച്ച് കേരളത്തിന്‍റെ 17 ശതമാനത്തോളം സ്ഥലങ്ങൾ അപകടകരമായ നിലയിൽ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും വിധേയമാവാനിടയുണ്ട്.
അറബിക്കടലിലേക്ക് ഒഴുകുന്നത് 50 ലക്ഷം ടൺ ഊറൽ

എം.ബി. സന്തോഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷം അറബിക്കടലിലേക്ക് ഒഴുകുന്നത് 50 ലക്ഷം ടൺ ഊറൽ. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ഹൈഡ്രോളജി മേധാവിയായി കഴിഞ്ഞ ദിവസം വിരമിച്ച ഡോ. ഡി. പദ്മലാലിന്‍റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇതിൽ 30 ലക്ഷം ടൺ കലങ്ങി വരുന്ന മണ്ണാണ്. ബാക്കി 20 ലക്ഷം ടൺ വെള്ളത്തിൽ ലയിച്ച ധാതുക്കൾ ഉൾപ്പെടെയുള്ളതാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കരയിൽ നിന്നു 2,000 കോടി ടൺ ഊറലുകളാണ് മണ്ണിന്‍റെ രൂപത്തിലും ലയിക്കാൻ കഴിയുന്ന ധാതുരൂപത്തിലും കടലിലേക്ക് ഓരോ വർഷവും എത്തിച്ചേരുന്നതെന്നാണ് ശാസ്ത്രജ്ഞനായ മില്ലിമാന്‍റെ പഠന റിപ്പോർട്ട്. ഇതിൽ വലിയൊരു ശതമാനം ഇന്ത്യയിലെ നദികളിൽ നിന്നുള്ള കടലിലേക്കുള്ള ഒഴുക്കാണ്. കേന്ദ്ര സർക്കാർ രേഖകൾ പ്രകാരം പ്രതിവർഷം ശരാശരി ഒരു മില്ലിമീറ്റർ എന്ന നിലയിലാണ് മണ്ണൊലിപ്പ്. ഈ കണക്കനുസരിച്ച് ഒരു വർഷം 533 കോടി ടൺ മണ്ണാണ് നഷ്ടമാവുന്നത്.

പരിസ്ഥിതി ദിനാചരണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ കണക്ക് ചർച്ചയാവുന്നുണ്ട്. "ഭൂമി വീണ്ടെടുക്കൽ, മരുവൽക്കരണം, വരൾച്ചാ പ്രതിരോധം' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ വിഷയം.

രാജ്യത്തിന്‍റെ 30 ശതമാനം പ്രദേശങ്ങൾ നേരിയ തോതിലുള്ള മണ്ണൊലിപ്പിന് വിധേയമാവുന്നതായി ഡോ. പദ്മലാൽ ചൂണ്ടിക്കാട്ടി. ഏകദേശം 3 ശതമാനം സ്ഥലം അപകടരമായ നിലയിൽ മണ്ണൊലിപ്പിന് വിധേയമാവുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കേരള സർവകലാശാല ജിയോളജി വിഭാഗത്തിന്‍റെ പഠനമനുസരിച്ച് കേരളത്തിന്‍റെ 17 ശതമാനത്തോളം സ്ഥലങ്ങൾ അപകടകരമായ നിലയിൽ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും വിധേയമാവാനിടയുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ഇടുക്കിയിലെ 71 ശതമാനവും വയനാട്ടിലെ 51 ശതമാനവും സ്ഥലങ്ങൾ മണ്ണൊലിപ്പിന്‍റെയും ഉരുൾപൊട്ടലിന്‍റെയും ഭീഷണിയിലാണ്.

കേരളത്തിന്‍റെ വനമേഖലയിലാണ് ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണ്. ഓരോ മഴയത്തും ഈ മണ്ണ് നഷ്ടപ്പെടുന്നു. മഞ്ഞക്കൊന്ന, അക്കേഷ്യ ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങൾ മണ്ണിന്‍റെ സ്വാഭാവികത നഷ്ടപ്പെടുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. മണ്ണിന്‍റെ സ്വഭാവം മാറിയത് തനത് സസ്യങ്ങളുടെ വളർച്ചയെ ബാധിച്ചു. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആഹാര ലഭ്യത നഷ്ടമാകാനിടയാക്കി. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന് ഇത് കാരണമാവുന്നു. ഇതിന്‍റെ കാരണങ്ങളെക്കുറിച്ച് തമിഴ്നാട് പഠനം നടത്തിയെങ്കിലും കേരളം അതിന് ഒരു നടപടിയുമെടുത്തിട്ടില്ല.

കാലാവസ്ഥാ വ്യതിയാനം മരുഭൂവൽക്കരണത്തിന്‍റെ ആക്കം കൂട്ടുന്നതായി ഭൗമ- പരിസ്ഥിതി ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. മഴ കൊരിച്ചൊരിയുമ്പോൾ ഉരുൾപൊട്ടലും മണ്ണൊലിപ്പും നേരിടുന്നു. മണ്ണൊലിപ്പ് തടയുകയും മരുഭൂവത്കരണം പ്രതിരോധിക്കുകയുമാണ് കേരളീയർ ഉൾപ്പെടെയുള്ള ജനത നേരിടുന്ന വെല്ലുവിളിയെന്നാണ് അവരുടെ അഭിപ്രായം.

Trending

No stories found.

Latest News

No stories found.