
സൗരോര്‍ജ നയത്തില്‍ പ്രതിഷേധം; വ്യാഴാഴ്ച സംസ്ഥാന വ്യാപക സോളാര്‍ ബന്ദ്
representative image
തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിര്‍ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിൽ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
നയത്തിലെ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ച സോളാര്‍ ബന്ദ് ആചരിക്കും. സോളാര്‍ പ്ലാന്‍റുകളുടെ നിർമാണം, വിപണനം, ഇന്‍സ്റ്റലേഷന്‍, സര്‍വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബന്ദിന്‍റെ ഭാഗമായി അടച്ചിടും. പ്രതിഷേധത്തിന്‍റെ ഭാഗമായി വെള്ളയമ്പലത്തെ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള ഫിസിക്കല്‍ ഹിയറിങ്ങിനുള്ള അവസരം പോലും നിഷേധിച്ചുകൊണ്ടാണ് റഗുലേറ്ററി കമ്മിഷന്‍ കരട് സൗരോരോര്‍ജ നയം പുറത്തിറക്കിയത്. നയം നടപ്പിലാക്കും മുന്‍പ് കമ്മിഷനില്‍ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഓരോ നിയോജക മണ്ഡലത്തിലും ഫിസിക്കല്‍ ഹിയറിങ്ങുകള്‍ സംഘടിപ്പിക്കുക, സോളാറിന്‍റെ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്‍റ് കാലാവധി കൂട്ടുന്ന നിര്‍ദേശങ്ങള്‍ നയത്തില്‍ നിന്നും ഒഴിവാക്കുക, പ്രധാന മന്ത്രി സൂര്യ ഘര്‍ പോലുള്ള പദ്ധതികള്‍ക്ക് ഏകീകൃത ദേശീയതല സൗരോര്‍ജ നയത്തിന്‍റെ പിന്തുണ ഉറപ്പാക്കുക, 1,000 കിലോവാട്ട് വരെയുള്ള പ്ലാന്‍റുകള്‍ക്ക് നിലവിലുള്ള നെറ്റ് മീറ്ററിങ് നയം മാറ്റങ്ങളില്ലാതെ തുടരാന്‍ അനുമതി നല്‍കുക, കേരളത്തിന്‍റെ കാലാവസ്ഥാപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ബാങ്കിങ്- സെറ്റില്‍മെന്‍റ് ഓപ്ഷനുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
നയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ വൈദ്യുതി വില കുത്തനെ ഉയരുകയും ജനജീവിതത്തെയും വ്യവസായിക മേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്‍റ് നൗഫല്‍ റൊസെയ്‌സ് , ജനറല്‍ സെക്രട്ടറി ജെ.സി. ലിജോ, ട്രഷറർ രാജേഷ് പുന്നടിയില്‍, സെക്രട്ടേറിയറ്റ് മെംബർമാരായ ബി. ബിജു,ബി. ശശികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.