ചെന്നൈ: തന്നെ ലൈംഗികമായി ചൂഷണം ചെയ്ത മലയാള സിനിമയിലെ സഹനടന്‍റെ പേര് ഹേമാ കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്ന് തമിഴ്നടി സൗമ്യ. മലയാളത്തില്‍ മൂന്ന് സിനിമകള്‍ ചെയ്തപ്പോഴും തനിക്ക് മോശം അനുഭവമുണ്ടായി. സംവിധായകരും നടന്‍മാരും ടെക്‌നീഷ്യന്‍മാരും എല്ലാം തന്നെ ചൂഷണം ചെയ്തു. മനുഷ്യവകാശ ലംഘനങ്ങള്‍ ഉണ്ടായി. ഒരാള്‍ തന്‍റെ മേല്‍ പാന്‍ ചവച്ച് തുപ്പിയെന്ന് അവർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പതിനെട്ടാം വയസിൽ അദ്ദേഹത്തിന്‍റെ സിനിമയിൽ അരങ്ങേറ്റം കുറിച്ച തന്നെ മകളെ പോലെയാണ് അയാള്‍ സമീപിച്ചത്. എന്നാൽ ക്രമേണ പിന്നീട് തന്നില്‍ ഒരു കുട്ടിയെ വേണമെന്ന് ആവശ്യപ്പെടുന്ന തരത്തിൽ അയാൾ തന്നെ ലൈംഗിക അടിമയാക്കി മാറ്റി. ആദ്യം തന്നോട് വലിയ സ്നേഹം കാണിക്കുമായിരുന്നു. തനിക്ക് വീട്ടില്‍ ഇല്ലാത്ത സ്വാതന്ത്ര്യമായിരുന്നു സംവിധായകനിൽ നിന്നും ഭാര്യയിൽ നിന്നും ലഭിച്ചത്. അവര്‍ക്ക് താന്‍ മകളെപ്പോലെ തന്നെയായിരിക്കും എന്നാണ് കരുതിയത്.
തന്‍റെ പ്രായത്തില്‍ അവര്‍ക്കൊരു മകളുണ്ട്. ആ കുട്ടിയും സിനിമയിലുണ്ട്. സത്യത്തില്‍ ഈ പെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്. ആ കുട്ടി ഇയാള്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീട് വിട്ടുപോയി. ഒരിക്കല്‍ ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാള്‍ തന്നെ ചുംബിച്ചു. അതിനെ കുറിച്ച് എനിക്ക് ആരോടും പറയാന്‍ സാധിക്കുമായിരുന്നില്ല. തന്‍റെ തെറ്റാണെന്ന് കരുതി. പിന്നീട് അയാള്‍ തന്നെ ബലാത്സംഗം ചെയ്തു. മാനസികമായി അയാള്‍ തന്നെ തളര്‍ത്തി.