ചില്ലുകൂട്ടിൽ അടക്കാകുരുവി കുടുങ്ങി; ജില്ലാ കലക്റ്ററുടെ ഇടപെടലിൽ ജില്ലാ ജഡ്ജി നേരിട്ടെത്തി മോചിപ്പിച്ചു
representative image
കുരുവി ചില്ലുകൂട്ടിൽ കുടുങ്ങി; ജില്ലാ കലക്റ്റർ ഇടപെട്ടു, ജഡ്ജി നേരിട്ടെത്തി മോചിപ്പിച്ചു
കണ്ണൂർ: ഉളിക്കലിൽ പൂട്ടിക്കിടക്കുന്ന വ‍്യാപാര സ്ഥാപനത്തിന്‍റെ ചില്ലുകൂട്ടിൽ കുടുങ്ങിയ അടയ്ക്കാ കുരുവിയെ മോചിപ്പിച്ചു. ജില്ലാ കലക്റ്റർ അരുൺ കെ. വിയയന്‍റെ ഉത്തരവിനെത്തുടർന്ന് ജില്ലാ ജഡ്ജി നേരിട്ടെത്തിയാണ് കുരുവിയെ മോചിപ്പിച്ചത്.
രണ്ടു ദിവസം മുമ്പ് വ‍്യാപാരികൾ തമ്മിലുണ്ടായ തർക്കം മൂലം കോടതി സീൽ ചെയ്ത് പൂട്ടിയ കടയ്ക്കുള്ളിലാണ് അബദ്ധത്തിൽ കുരുവി കുടുങ്ങിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുരുവിക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നു. കടയ്ക്ക് മുന്നിലെ ചില്ലുകൂട്ടിലാണ് കുരുവി അകപ്പെട്ടത്.
ലക്ഷങ്ങൾ വിലമതിക്കുന്ന കടയുടെ ഗ്ലാസോ പൂട്ടോ തകർത്താൽ മാത്രമെ കുരുവിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. തുടർന്ന് കലക്റ്ററും ജഡ്ജിയും ഇടപെട്ടാണ് കുരുവിയെ രക്ഷപെടുത്തിയത്.