
സ്പെഷ്യല്‍ ഡ്രൈവ്: 25,135 വാഹനങ്ങൾക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടു
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതകളിലെ വാഹനാപകടം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ട് ട്രാഫിക് പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിനിടെ, നിയമലംഘനം നടത്തിയ 25,135 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.
മാര്‍ച്ച് 26 മുതല്‍ 31 വരെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് അലക്ഷ്യമായ പാര്‍ക്കിങ്ങിന് അടക്കം പിഴ ചുമത്തിയത്. റോഡരികിലെ അലക്ഷ്യമായ പാര്‍ക്കിങ് മൂലമുള്ള അപകടങ്ങളെയും നിയമപരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നൽകുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചു.
സ്പെഷ്യല്‍ ഡ്രൈവിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. സ്പെഷ്യല്‍ ഡ്രൈവ് തുടരാനാണ് തീരുമാനം. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ ശുഭയാത്ര വാട്സ്ആപ്പ് നമ്പറിൽ (974700 1099) നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം സംഭവം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പര്‍ ഉള്‍പ്പെടെ വിവരം കൈമാറാമെന്ന് അധികൃതർ അറിയിച്ചു.