ആലുവ കേസിലും നീതി; പൂർണ തൃപ്തനായി അഡ്വ. മോഹൻരാജ്

അഞ്ചൽ ഉത്ര വധക്കേസ്, കൊല്ലം വിസ്മയ കേസ്, കോവളത്തെ വിദേശവനിതയുടെ കൊലപാതകം തുടങ്ങിയ കേസുകളിലും പ്രോസിക്യൂട്ടറായതു മോഹൻരാജായിരുന്നു.
ആലുവ കൊലപാതക കേസിൽ പ്രതി അസ്ഫാക്ക് ആലമിന് വധശിക്ഷ വാങ്ങിക്കൊടുക്കാൻ അഹോരാത്രം പ്രയത്നിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ ഇൻസ്പെക്റ്റർ എ.കെ സന്തോഷ് കുമാറിന്‍റെ കൈപിടിച്ച് കുഞ്ഞിന്‍റെ അച്ഛൻ നന്ദി പറയുന്നു. അരികിൽ അമ്മയെ കൈകൂപ്പുന്ന പ്രോസിക്യൂട്ടർ മോഹൻരാജ് .
ആലുവ കൊലപാതക കേസിൽ പ്രതി അസ്ഫാക്ക് ആലമിന് വധശിക്ഷ വാങ്ങിക്കൊടുക്കാൻ അഹോരാത്രം പ്രയത്നിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ ഇൻസ്പെക്റ്റർ എ.കെ സന്തോഷ് കുമാറിന്‍റെ കൈപിടിച്ച് കുഞ്ഞിന്‍റെ അച്ഛൻ നന്ദി പറയുന്നു. അരികിൽ അമ്മയെ കൈകൂപ്പുന്ന പ്രോസിക്യൂട്ടർ മോഹൻരാജ് . മനു ഷെല്ലി

എംആർസി പണിക്കർ

ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ റെക്കോഡ് വേഗത്തിലാണു വിചാരണ പൂർത്തിയാക്കി ഇന്നലെ കോടതി വിധി പറഞ്ഞത്. പ്രതി അസ്ഫാക്ക് ആല (28) ത്തിനു വധശിക്ഷ ലഭിക്കുമ്പോൾ കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്‍റെ പങ്ക് എടുത്തുപറയേണ്ടതുണ്ട്. അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകിയതോടെ അഡ്വ. മോഹൻരാജ് ചർച്ചകളിൽ ഇടം നേടുകയാണ്.

കേരളത്തിൽ മുൻകാലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒട്ടനവധി കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകനാണ് അഡ്വ. മോഹൻരാജ്. അഞ്ചൽ ഉത്ര വധക്കേസ്, കൊല്ലം വിസ്മയ കേസ്, കോവളത്തെ വിദേശവനിതയുടെ കൊലപാതകം തുടങ്ങിയ കേസുകളിലും പ്രോസിക്യൂട്ടറായതു മോഹൻരാജായിരുന്നു. ഒടുവിൽ ആലുവയിലെ അഞ്ചുവയസുകാരിയുടെ ബലാത്സംഗക്കേസിലും ആഭ്യന്തര വകുപ്പ് കോടതിയിലെത്തിച്ചത് അഡ്വ. മോഹൻരാജിനെ തന്നെ.

പതിനഞ്ച് ദിവസത്തെ കോടതി നടപടികളിലൂടെ പ്രതി അസ്ഫാക്ക് കുറ്റക്കാരനാണെന്നു പ്രോസിക്യൂട്ടറായ മോഹൻരാജ് കോടതിയിൽ തെളിയിക്കാനായി. ഒരു മാസത്തോളം എറണാകുളത്ത് ക്യാംപ് ചെയ്താണ് മോഹൻരാജ് വാദം നടത്തിയത്. അതിവേഗം വിചാരണ നടത്താൻ എറണാകുളം പ്രത്യേക പോക്സോ കോടതിയും സഹകരിച്ചു.

ഉത്ര വധക്കേസിലും വിസ്മയ കേസിലും കോവളത്തെ വിദേശവനിതയുടെ കൊലപാതകക്കേസിലുമെല്ലാം പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിനൽകാൻ അഡ്വ. മോഹൻരാജിന് സാധിച്ചിട്ടുണ്ട്. മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകക്കേസിലും നിലവിൽ പ്രോസിക്യൂട്ടറാണ് ഇദ്ദേഹം.

ആലുവ ബലാത്സംഗ കൊലയിലെ കോടതി വിധിയില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് വ്യക്തമാക്കി. ചുമത്തിയ എല്ലാ വകുപ്പുകളിലും പരമാവധി ശിക്ഷ തന്നെ പ്രതിക്കു ലഭിച്ചെന്ന് മോഹന്‍രാജ് പ്രതികരിച്ചു.

പതിനാറു വകുപ്പുകളിലാണ് അസ്ഫാക്ക് ആലം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ഇതില്‍ ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും മൂന്നു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ആവര്‍ത്തിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. ശേഷിച്ച 13 വകുപ്പുകള്‍ പ്രകാരവും കോടതി ശിക്ഷ വിധിച്ചു. ഐപിസി 302 പ്രകാരം കൊലക്കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. ഐപിസി 376 ടു ജെ, ഐപിസി 377, പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ എന്നിവ പ്രകാരം അസ്ഫാക് ആലം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. മൊത്തം അഞ്ചു വകുപ്പുകളിലാണ് ജീവപര്യന്തം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയാണെന്നു കോടതി വ്യക്തമാക്കിയിരുന്നു. പിസി 366 എ, 364, 367, 328 എന്നിവ പ്രകാരം പത്തു വര്‍ഷം തടവ് അനുഭവിക്കണം. ഐപിസി 201 പ്രകാരം അഞ്ചു വര്‍ഷം തടവുശിക്ഷയും 297 പ്രകാരം ഒരു വര്‍ഷം തടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കാനും ഇതു ലഭിച്ചില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com