ചോദ്യ പേപ്പർ ചോർച്ച തടയാന്‍ പ്രത്യേക സോഫ്റ്റ്‌വെയറർ

ചോദ്യങ്ങൾ സ്കൂളിലെത്തുക പരീക്ഷയ്ക്ക് മുമ്പ് മാത്രം
Special software to prevent question paper leakage
ചോദ്യ പേപ്പർ ചോർച്ച തടയാന്‍ പ്രത്യേക സോഫ്റ്റ്‌വെയറർ
Updated on

തിരുവനന്തപുരം: ചോദ്യ പേപ്പർ ചോർച്ചയ്ക്ക് തടയിടാൻ പ്രത്യേക സോഫ്റ്റ്‌വെയറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രിസ്മസ് പരീക്ഷയ്ക്ക് തയാറാക്കിയ വിവിധ ചോദ്യങ്ങൾ യൂട്യൂബ് ചാനൽ വഴി ചോർന്നതോടെയാണ് നടപടി. നിലവിലെ രീതിയിൽ നിന്നും മാറി പരീക്ഷയ്ക്ക് തൊട്ട് മുമ്പ് മാത്രം ഡിജിറ്റലായി ചോദ്യങ്ങൾ സ്കൂളുകളിലെത്തുന്ന തരത്തിൽ ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ ജനറേറ്റിങ് സിസ്റ്റം എന്ന പ്രത്യേക സോഫ്റ്റ്‌വേർ തയ്യാറാക്കാനാണ് തീരുമാനം.

ഇതോടൊപ്പം ഓരോ സ്കൂളിലും വ്യത്യസ്ത ചോദ്യ പേപ്പർ നൽകുന്നതും പരിഗണിക്കുന്നുണ്ട്. ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കുന്ന സമിതിയോട് പരീക്ഷ പരിഷ്‌കരിക്കാനുള്ള ശുപാർശ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് സ്‌കൂൾ പരീക്ഷയിൽ സമഗ്ര മാറ്റത്തിനാണ് തീരുമാനം.

വിദ്യാർഥികൾക്ക് വിഷയത്തെക്കുറിച്ച് പൂർണമായ ധാരണയുണ്ടാകാൻ ചോദ്യ ബാങ്ക് മുൻകൂറായി പ്രസിദ്ധീകരിക്കും. ചോദ്യക്കടലാസ് നിർമാണം, അച്ചടി, വിതരണം തുടങ്ങിയവയ്ക്കുള്ള സാമ്പത്തികഭാരം ഒഴിവാക്കാനും ഡിജിറ്റൽ പരീക്ഷാ രീതി സഹായകമാവുമെന്നാണ് വിലയിരുത്തൽ. യുപി സ്‌കൂൾ തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലാണ് പരിഷ്‌കാരം. പരീക്ഷാ ദിവസം മാത്രം ചോദ്യ കടലാസ് ഡിജിറ്റലായി സ്‌കൂളുകൾക്ക് ലഭ്യമാക്കുന്ന തരത്തിലായിരിക്കും സോഫ്റ്റ്‌വെയർ തയാറാക്കുക. ചോദ്യ കടലാസ് ലഭിക്കാൻ പ്രത്യേക സുരക്ഷാ നമ്പർ ഉണ്ടാവും. പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾ മുൻപു മാത്രം ലഭിക്കുന്ന ചോദ്യ കടലാസ് സ്‌കൂൾ അധികൃതർ പ്രിന്‍റെടുത്ത് വിദ്യാർഥികൾക്ക് നൽകണം.

എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കും. ചോദ്യ കടലാസ് തയാറാക്കുന്നതിൽ അധ്യാപകർക്ക് പരിശീലനം നൽകും. ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങൾ തയ്യാറാക്കി ചോദ്യ ബാങ്കിലിടും. ഇതിൽ ഏതെങ്കിലുമൊന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യ കടലാസ് ഉള്ളതിനാൽ എല്ലാ സ്‌കൂളിലും ഒരേ വിഷയത്തിൽ ഒരേ ചോദ്യ കടലാസ് ആയിരിക്കില്ല ലഭിക്കുക. ചോർച്ച തടയാൻ ഇതു സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ചോദ്യ പേപ്പർ ചോർച്ചയിൽ തുടർനടപടി ശാസ്ത്രീയ ഫലം വന്ന ശേഷം

ചോദ്യ പേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്‍റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്‍റെയും ഹാർഡ് ഡിസ്‌കിന്‍റെയും ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഷുഹൈബ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. അതിന് ശേഷമാകും ഷുഹൈബിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. നേരത്തെ ചോദ്യപേപ്പർ ചോര്‍ച്ചയില്‍ കേസെടുത്തതിന് പിന്നാലെ ക്രൈം ബ്രാഞ്ച് സംഘം എംഎസ് സൊല്യൂഷന്‍സിന്‍റെ കൊടുവള്ളിയിലെ ഓഫീസിലും ഷുഹൈബിന്‍റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com