ലോക്‌സഭാ തെരഞ്ഞെടുപ്പ്: വേറിട്ട ആരോപണവുമായി വടകര

കെ. മുരളീധരൻ എംപിയെ വടകരയിൽ നിന്നു മാറ്റിയതിനു പിന്നിൽ 'കോ-ലീ-ബി സഖ്യം' എന്ന ആരോപണം പരസ്യമായി ഉന്നയിച്ചത് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷാണ്.
കെ.കെ. ശൈലജ, ഷാഫി പറമ്പിൽ
കെ.കെ. ശൈലജ, ഷാഫി പറമ്പിൽ

എം.ബി. സന്തോഷ്

തിരുവനന്തപുരം: വടകരപ്പോരിനിടയിൽ വേറിട്ട ആരോപണം. അവിടെ ആര് ജയിച്ചാലും കേരള നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് ഉറപ്പ്. മൂന്ന് പതിറ്റാണ്ടിനു മുമ്പ് വടകരയിൽ കോൺഗ്രസ്- ബിജെപി- ലീഗ് (കോ ലീ ബി) സഖ്യമാണെന്ന ആരോപണത്തിനു ശേഷം ഇത്തവണയും അതേ ആരോപണം ഉയരുന്നു. എംപി- എംഎൽഎ പോരാട്ടത്തിനു പകരം എംഎൽഎമാരുടെ മത്സരം എന്ന നിലയിലേയ്ക്ക് യുഡിഎഫ് മത്സരം ചുരുക്കിയത് നിയമസഭയിൽ ബിജെപി പ്രതിനിധിയെ എത്തിക്കാനുള്ള കുറുക്കുവഴിയാണെന്നാണ് ആരോപണം.

സിപിഎമ്മിന്‍റെ മട്ടന്നൂർ എംഎൽഎ കെ.കെ. ശൈലജയും കോൺഗ്രസിന്‍റെ പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടത്തിൽ ആര് ജയിച്ചാലും ഒരു സീറ്റിൽ ഉപതെരഞ്ഞെടുപ്പ് കൂടിയേ തീരൂ. കെ. മുരളീധരൻ എംപിയെ വടകരയിൽ നിന്നു മാറ്റിയതിനു പിന്നിൽ “കോ ലീ ബി സഖ്യ’മാണെന്ന ആരോപണം പരസ്യമായി ഉന്നയിച്ചത് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷാണ്. വടകരയിൽ ജയിക്കാൻ ബിജെപിയുടെ പിന്തുണയ്ക്ക് പകരം പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപിയെ സഹായിക്കാം എന്നതാണ് പാക്കെജെന്നും നേമത്ത് വി. ശിവൻകുട്ടിയിലൂടെ എൽഡിഎഫ് പൂട്ടിച്ച ബിജെപിയുടെ അക്കൗണ്ട് പാലക്കാടിലൂടെ തുറന്നു കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

1991ലെ തെരഞ്ഞെടുപ്പിലാണ് വടകരയിൽ പ്രമുഖ അഭിഭാഷകൻ പി.ടി. രത്‌നസിങ് എൽഡിഎഫ് സ്ഥാനാർഥി കെ.പി. ഉണ്ണികൃഷ്ണനെതിരെ മത്സരിച്ച് തോറ്റത്. അന്ന് യുഡിഎഫ് - ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർഥിയായ രത്നസിങ്ങിനായിരുന്നു. പിന്നീട്, യുഡിഎഫ് സർക്കാരിന്‍റെ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം.

വടകര ലോക്‌സഭാ മണ്ഡലം 1996ലാണ് സിപിഎം ഏറ്റെടുത്തത്. അതിനുശേഷം 2004 വരെ സിപിഎമ്മിന്‍റെ കൈവശമായിരുന്നു വടകര. സിപിഎം വിട്ട ടി.പി. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരിച്ചതിനു ശേഷം നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് വിജയിച്ചു. പിന്നാലെ, ടി.പിയുടെ കൊലപാതകം. അതിനുശേഷം വടകര വീണ്ടെടുക്കാൻ സിപിഎമ്മിനായില്ല. കഴിഞ്ഞ തവണ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ 84,663 വോട്ടിന് തകർത്ത കെ. മുരളീധരൻ ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും മുമ്പു തന്നെ പ്രചാരണം ആരംഭിച്ചു. സഹോദരി പദ്മജ കോൺഗ്രസ് വിട്ടതോടെ ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന തൃശൂർ വീണ്ടെടുക്കാൻ മുരളീധരനെ നിയോഗിച്ചതോടെ ചിത്രത്തിലില്ലാതിരുന്ന ഷാഫി പറമ്പിൽ വടകര കോട്ട കാക്കാൻ നിയുക്തനായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7ൽ 6 മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമാണ്. ആര്‍എംപിയുടെ കെ.കെ. രമ ജയിച്ച വടകര മാത്രമാണ് യുഡിഎഫ് അക്കൗണ്ടിലുള്ളത്. ബിജെപിക്ക് വടകരയിൽ 80,000 നടുത്ത് വോട്ടുകൾ നേടാനേ ആയിട്ടുള്ളൂ. ആ ചരിത്രം തിരുത്താനാണ് ഇത്തവണ മണ്ഡലത്തിൽ തന്നെയുള്ള യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ എന്ന എൻഡിഎ സ്ഥാനാർഥിയുടെ ശ്രമം.

Trending

No stories found.

Latest News

No stories found.