

ആറ് സ്പെഷ്യൽ ട്രെയ്നുകൾ സ്ഥിരം സർവീസുകളാക്കി മാറ്റി.
Representative image
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന 6 സ്പെഷ്യൽ ട്രെയ്‌നുകൾ റെയ്‌ൽവേ സ്ഥിരപ്പെടുത്തി. കൊല്ലം - എറണാകുളം മെമു സ്പെഷ്യൽ ഉൾപ്പെടെയുള്ള ട്രെയ്‌നുകളാണ് സ്ഥിരപ്പെടുത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ഇക്കാര്യത്തിൽ റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ അറിയിപ്പ് ലഭിച്ചെന്ന വാർത്ത പങ്കുവച്ചത്.
നിലവിൽ സ്പെഷ്യൽ ട്രെയ്‌നായി ഓടുന്ന സർവീസുകളാണ് ഇനി മുതൽ സ്ഥിരമായി സർവീസ് നടത്തുക. തന്‍റെ അപേക്ഷയിൽ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.
വിശാഖപട്ടണം - കൊല്ലം സ്പെഷ്യൽ ഇനി വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ് ആയി ഓടും. പാലക്കാട് - കണ്ണൂർ സ്പെഷ്യൽ പാലക്കാട് - കണ്ണൂർ എക്സ്പ്രസായി സർവീസ് നടത്തും. കണ്ണൂർ - കോഴിക്കോട് സ്പെഷ്യൽ ഇനി കണ്ണൂർ - കോഴിക്കോട് എക്സ്പ്രസ്.
തിരുവനന്തപുരം നോർത്ത് - മംഗളൂരു സ്പെഷ്യൽ ട്രെയ്‌ൻ തിരുവനന്തപുരം നോർത്ത് - മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആയിട്ടായിരിക്കും സർവീസ് നടത്തുക. കൊല്ലം - എറണാകുളം സ്പെഷ്യൽ ട്രെയ്‌ൻ സ്ഥിരം മെമു സർവീസ് ആയി ഓടും. എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയ്‌ൻ എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ആയി സർവീസ് നടത്തും.
കൊല്ലം- എറണാകുളം റൂട്ടിലെ തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ മെമു ട്രെയ്‌ൻ (06169/06170) അനുവദിച്ചത്. രാവിലെ 5.55ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന മെമു കോട്ടയം വഴി രാവിലെ 9.35ന് എറണാകുളം ജംക്‌ഷനിലെത്തും. 9.50ന് മടക്കയാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.30ന് കൊല്ലത്തെത്തും. പുതിയ നമ്പർ 66327/66328.
06031 പാലക്കാട് - കണ്ണൂർ എക്സ്പ്രസ് ഉച്ചയ്ക്ക് 1.50ന് പാലക്കാട് ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.25നാണ് കണ്ണൂരിലെത്തുക. ഇതിന്‍റെ നമ്പർ 16611 ആയി മാറും. 08539/08450 വിശാഖപട്ടണം - കൊല്ലം സ്പെഷ്യൽ 18501/1852 ആയി മാറും.
06032 കണ്ണൂർ - കോഴിക്കോട് എക്സ്പ്രസ് 56632 ആകും. 06163/06164 തിരുവനന്തപുരം നോർത്ത് - മംഗളൂരു ട്രെയ്‌നിന്‍റെ പുതിയ നമ്പർ 16313/16314 ആയിരിക്കും. 06061 എറണാകുളം- വേളാങ്കണ്ണി 16363/16364 ആയി സർവീസ് നടത്തും.