
വി. അബ്ദുറഹിമാൻ, ലയണൽ മെസി
മലപ്പുറം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചെന്ന ആരോപണം തള്ളി കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടത് സ്പോൺസറാണെന്നും ഇതിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നും മന്ത്രി പറഞ്ഞു.
അർജന്‍റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനായുള്ള പണം സ്പോൺസർ അടച്ചതായും നടപടിക്രമങ്ങൾ പാലിച്ചാണ് സ്പോൺസർ കരാറിൽ ഒപ്പിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റേതെന്ന തരത്തിൽ പുറത്തുവന്നത് വിശ്വാസതയില്ലാത്ത ചാറ്റാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്പെയിനിലേക്ക് പോയതിന് 13 ലക്ഷം ചെലവാക്കിയെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. താൻ ഒറ്റയ്ക്കല്ല പോയതെന്നും കായിക വകുപ്പിലെ ഉദ‍്യോഗസ്ഥരോടൊപ്പമാണെന്നും അവർ വരുമ്പോൾ ചെലവുണ്ടാകുമെന്നും. സ്പെയിൻ കൂടാതെ ക‍്യൂബ, ഓസ്ട്രേലിയ രാജ‍്യങ്ങളുമായും കരാർ ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
കരാർ ലംഘനം നടത്തിയത് സംസ്ഥാന സർക്കാരാണെന്നായിരുന്നു അർജന്‍റീനയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ നേരത്തെ പറഞ്ഞിരുന്നത്.