ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്‍റെ വക്താവോ പ്രയോക്താവോ അല്ല; പരാമർശം ആവർത്തിച്ച് മുഖ്യമന്ത്രി

ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു സനാതന ധർമ്മത്തെക്കുറിച്ചുള്ള മുഖ്യംമന്ത്രിയുടെ പരാമർശം
sree narayana guru was not a practitioner of sanatana dharma says cm pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്‍റെ വക്താവോ പ്രയോക്താവോ അല്ലെന്ന് കഴിഞ്ഞ ദിവസം ശിവഗിരിയിൽ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സനാതന ധർമ്മത്തിന്‍റെ വക്താവല്ല, അത് തിരുത്തിയ ആളാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്‍റെ ഭാഗമായി അവതരിപ്പിക്കേണ്ട കാര്യമില്ല. ഇത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്‍റെ കാര്യമല്ല. ഏതാനും വർഷം മുൻപ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് ഗുരുവിനെ സനാതന ധർമ്മത്തിന്‍റെ വക്താവായി പ്രസംഗിച്ചിരുന്നു. അത് ശരിയല്ലെന്ന് താൻ അന്നുതന്നെ പറഞ്ഞു. അതാണ് തന്‍റെ നിലപാട്.

ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്‍റെ വക്താവോ പ്രയോക്താവോ അല്ലെന്നും ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരേ ബിജെപി നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഉടുപ്പഴിക്കുന്ന രീതി മാറ്റാൻ ഉദ്ദേശിക്കുന്നതായി ദേവസ്വംബോർഡ് പ്രതിനിധികൾ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല കാര്യമാണത്. എല്ലാവരുമായും ചർച്ച നടത്തി ഇക്കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കും. ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരി കയറേണ്ട സമ്പ്രദായം വേണ്ടെന്നു വച്ചതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയാണ് ശിവഗിരിയിലെ സമ്മേളനത്തിൽ പ്രസംഗിച്ചത്. അത് തന്‍റെ നിർദ്ദേശമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com