

ശ്രീലക്ഷ്മി അറയ്ക്കൽ | രാഹുൽ ഈശ്വർ
കൊച്ചി: തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ആക്‌ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. ബസിൽ വച്ച് വീഡിയോ എടുത്ത് ജയിൽ കഴിയുന്ന ഷിംജിതയെ പിന്തുണച്ച് വീഡിയോ ഇട്ടതിന് പിന്നാലെയാണ് ശ്രീലക്ഷ്മിക്കെതിരേ ഭീകരമായ സൈബർ ആക്രമണം ഉണ്ടായത്.
പലരും തന്നെ ഇപ്പോൾ വേശ്യയെന്നാണ് വിളിക്കുന്നതെന്നും തന്‍റെ കഴിവുകൊണ്ട് മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതെന്നും അതിനാൽ അങ്ങനെ വിളിക്കരുതെന്നും ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നു. അതി വൈകാരികമായ രീതിയിലാണ് ശ്രീലക്ഷ്മി വീഡിയോയിലത്തിയത്. അങ്കണവാടി ജീവനക്കാരിയായ തന്‍റെ അമ്മയെ വരെ മോശം പറയുന്നുവെന്നും അത് തനിക്ക് സഹിക്കാനാവില്ലെന്നും ശ്രീലക്ഷ്മി പ്രതികരിക്കുന്നു.
"ഒൻപതാം ക്ലാസ് മുതൽ ട്യൂഷനെടുത്ത് ജീവിക്കുന്ന ആളാണ് ഞാൻ. സ്കൂളിലും കോളെജിലും പോകുന്നതിന് മുൻപും തിരിച്ചെത്തിയ ശേഷവും ട്യൂഷനെടുത്ത് രാത്രി വീട്ടിൽ വന്ന് പഠിക്കാനുള്ളതും ഹോം വർക്കുമൊക്കെ ചെയ്ത് തീർത്ത ആളാണ് ഞാൻ. ഞാൻ ജീവിച്ചിരിക്കാൻ കാരണം എന്‍റെ കഴിവ് മാത്രമാണ്. നിങ്ങൾ പറഞ്ഞ പണിക്ക് പോയിരുന്നെങ്കിൽ എനിക്കിപ്പോൾ വീടും കാറിമൊക്കെ ആയേനെ, ആ പണി മോശമായിട്ടല്ല. എനിക്കതിന് താത്പര്യമില്ലാത്തതുകൊണ്ടാണ്. എന്നെ അങ്ങനെ വിളിക്കരുത്.
കൊല്ലങ്ങളായുള്ള ഫോൺ പേലും മാറ്റാനായിട്ടില്ല. അങ്കണവാടി ടീച്ചറായ എന്‍റെ അമ്മ എനിക്ക് ഭക്ഷണം നൽകാൻ സക്കാത്തിന് പോലും പോയിട്ടുണ്ട്. അവരെക്കുറിച്ചാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. അതെനിക്ക് സഹിക്കാനാവില്ല''- ശ്രീലക്ഷ്മി പറയുന്നു.
പിന്നാലെ ശ്രീലക്ഷ്മിക്ക് പിന്തുണയുമായി രാഹുൽ ഈശ്വർ രംഗത്തെത്തി. ശ്രീലക്ഷ്മി ദിലീപിനെ കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിർപ്പാണ്. അതൊക്കെ പൂർണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടിയെന്ന് രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. ശ്രീലക്ഷ്മി കരയുന്നതു കണ്ടു വിഷമം തോന്നിയെന്നും ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ, എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നുവെന്നും രാഹുലിന്‍റെ കുറിപ്പിൽ പറയുന്നു.
രാഹുലിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
ശ്രീലക്ഷ്മി അറക്കൽ കരയുന്നതു കണ്ടു വിഷമം തോന്നി. വളരെ genuine ആയ വിഷമം എന്നാണ് തോന്നിയത്. ശ്രീലക്ഷ്മി ദീപക്കിനെ, ശ്രീ ദിലീപിനെ കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിർപ്പാണ്. അതൊക്കെ പൂർണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടി. "ചില വാക്കുകൾ" ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മൾ പുരുഷന്മാർ ചെയ്യരുത്. #SreelakshmiArackal
ശ്രീലക്ഷ്മിയുടെ എല്ലാ കടുത്ത ഫെമിനിസ്റ്റ് നിലപാടുകളോടും എതിർപ്പോടു കൂടി തന്നെ പറയട്ടെ -- ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ, എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല. ആരുടേയും കണ്ണീർ നമ്മളെ ചിരിപ്പിക്കരുത്. ശ്രീലക്ഷ്മി അറക്കലിനോട് യോജിക്കാം വിയോജിക്കാം, Disrespect & അധിക്ഷേപം ശരിയല്ല എന്ന് ദയവായി ഓർക്കുക.
ശ്രീലക്ഷ്മി അടക്കം വളരെ ബുദ്ധിമുട്ടി ജീവിതത്തിൽ ഉയർന്നു വന്നു എന്നാണ് മനസിലാക്കുന്നത്. എല്ലാ വിധ ആശംസകളും. പുരുഷാവകാശ പോരാട്ടങ്ങൾ നയിക്കുന്നവരും ഫെമിനിസ്റ്റുകളും തമ്മിൽ ശത്രുതയുടെ ആവശ്യം ഇല്ല, കാരണം നമ്മൾ എല്ലാം അടിസ്ഥാനപരമായി മനുഷ്യർ ആണ്, മനുഷ്യത്വം ആണ് നമ്മളെ നയിക്കേണ്ടത്. ദീപകിന്‍റെ കുടുംബത്തിനും, നിങ്ങളുടെ ഫെമിനിസ്റ്റ് മൂവേമെന്‍റിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.