

ആർ. ശ്രീലേഖ
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ കേസെടുത്തതിൽ രൂക്ഷ വിമർശിച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചപ്പോൾ മാനനഷ്ടക്കേസ് എടുത്ത പൊലീസ് രാഹുൽ ഗാന്ധിക്കെതിരേ പറഞ്ഞതിന് തനിക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി എന്നാണ് ആർ ശ്രീലേഖ പറഞ്ഞത്. സർക്കാരിന്റെ ഇരട്ട നീതിയാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പോലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്. രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ്!- എന്നാണ് ശ്രീലേഖ കുറിച്ചത്.
ബിജെപി പുനലൂരിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സിൽ സംസാരിക്കവെയാണ് മുൻ ഡിജിപി കൂടിയായ ആർ. ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽച്ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നാണ് ശ്രീലേഖ പറഞ്ഞത്. രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പികളെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചിരുന്നു. ഈ പരാമർശങ്ങൾ പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിജയകുമാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശ്രീലേഖയുടെ പ്രസംഗം പ്രവർത്തകരുടെ ഇടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി പുനലൂർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്