

ജീപ്പ് തടഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മയും സംഘവും; പാതിരാത്രിയിലെ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അതിക്രമം നടന്നത്. എറണാകുളത്തു നിന്ന് രാജൻ ജോസഫിനെ അടൂരിലെത്തിച്ചപ്പോഴാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് തടഞ്ഞത്. ഫെന്നി നൈനാനും ഒപ്പമുണ്ടായിരുന്നു.
ശേഷം രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും മർദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. സ്റ്റേഷന് അകത്തു കയറിയ സംഘം സെല്ലിനുള്ളിലുള്ള രാജൻ ജോസഫുമായി കയർത്തു സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയുന്ന 20 പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി എന്നിവർക്കെതിരേ കേസുണ്ടായിരുന്നില്ല.
എന്നാൽ അതിക്രമം നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് സ്റ്റേഷനിൽ എത്തിയതെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പറയുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ശ്രീനാദേവി ഉൾപ്പെടെ ഉള്ളവർക്കെതിരേ കേസെടുക്കണമെന്നും നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.