ശ്രീനാരായണ ഗുരുവിൻ്റെ ആനന്ദാശ്രമം സന്ദര്‍ശനം: ശതാബ്ദി ആഘോഷ ഉദ്ഘാടനവും ഗാന്ധി പ്രതിമാ അനാച്ഛാദനവും 24ന്

എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും
ശ്രീനാരായണ ഗുരുവിൻ്റെ ആനന്ദാശ്രമം സന്ദര്‍ശനം: ശതാബ്ദി ആഘോഷ ഉദ്ഘാടനവും ഗാന്ധി പ്രതിമാ അനാച്ഛാദനവും 24ന്

കോട്ടയം: എസ്.എന്‍.ഡിപി യോഗം 1(എ) ആനന്ദാശ്രമം ശാഖയില്‍ ശ്രീനാരായണ ഗുരു സന്ദര്‍ശനം നടത്തിയതിൻ്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് 24ന് തുടക്കമാകും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണുള്ളത്. ശതാബ്ദി ആഘോഷ ഉദ്ഘാടനവും മഹാത്മാ ഗാന്ധി പ്രതിമാ അനാച്ഛാദനവും 24ന് വൈകിട്ട് 4 മണിക്ക് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് നിര്‍വഹിക്കും.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. യോഗത്തില്‍ അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ ശതാബ്ദി സന്ദേശം നല്‍കും. വൈസ് പ്രസിഡന്റ് പി.എം ചന്ദ്രന്‍, യോഗം ബോര്‍ഡ് അംഗം എന്‍. നടേശന്‍, ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ ബ്രൂസ്, ശാഖാ വൈസ് പ്രസിഡന്റ് റ്റി.എസ് സജിത് റോയ് എന്നിവര്‍ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് റ്റി.ഡി രമേശന്‍ സ്വാഗതവും സെക്രട്ടറി ആര്‍. സന്തോഷ് രവിസദനം നന്ദിയും പറയും.

കാര്‍ഷിക വിപണനമേള, വിജ്ഞാനോത്സവം, യുവജന വനിതാ സമ്മേളനം, തൊഴില്‍മേള, മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

ആനന്ദാശ്രമം ചരിത്രം:

1923ലും 1928ലും ഗുരുദേവന്‍ ശിഷ്യരുമൊത്ത് ആനന്ദാശ്രമം സന്ദര്‍ശിച്ചു. ആനന്ദാശ്രമം എന്ന് നാമകരണം ചെയ്തത് ഗുരുദേവനാണ്. ഗുരുദേവന്‍ ഉപയോഗിച്ച 'ശയ്യോപകരണങ്ങള്‍' അമൂല്യനിധിപോലെ ഇവിടെ സൂക്ഷിച്ച് ആരാധിച്ചുവരുന്നു. ഗുരുദേവന്‍ ഉപയോഗിച്ച മുറിയാണ് പിന്നീട് ക്ഷേത്രമായി മാറിയത്.

1934 ജനുവരി 19 വെള്ളിയാഴ്ച പകല്‍ 10.35ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആനന്ദാശ്രമത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. ഗുരുദേവൻ്റെ ആജ്ഞാനുസരണം ഈഴവ സമാജം എന്ന ഒരു സംഘടന ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 1908 മുതല്‍ ഈ സംഘടന സദാചാര പ്രകാശിനി സഭ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗുരുദേവന്റെ നിര്‍ദേശപ്രകാരം ആലുവ സര്‍വമത സമ്മേളനത്തിൻ്റെ മുഖ്യസംഘാടകനും സ്വാഗത പ്രസംഗികനുമായിരുന്ന സത്യവ്രത സ്വാമികളാണ് ആനന്ദാശ്രമം മുഖമണ്ഡപത്തിൻ്റെ ശിലാന്യാസം നിര്‍വഹിച്ചത്.

1926 സെപ്റ്റംബര്‍ 2-ാം തീയതി വ്യാഴാഴ്ച ആനന്ദാശ്രമത്തില്‍ വച്ച് സത്യവ്രതസ്വാമികള്‍ സമാധിയായി. സമാധി മണ്ഡപം ആനന്ദാശ്രമത്തില്‍ സ്ഥിതി ചെയ്യുന്നു. പിന്നീട് ഗുരുദേവൻ്റെ ശിഷ്യരില്‍ പ്രമുഖനായിരുന്ന ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളാണ് ആനന്ദാശ്രമത്തിന്റെ നിര്‍മാണ ചുമതല വഹിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തത്. ദര്‍ശനമാല എന്ന കൃതി ഗുരുമുഖത്തു നിന്നും കേട്ട് പകര്‍ത്തിയെഴുതിയ ദിവ്യശ്രീ മാമ്പലം വിദ്യാനന്ദ സ്വാമികള്‍ എന്ന ശിഷ്യപ്രമുഖൻ്റെ സമാധിസ്ഥാനവും ആനന്ദാശ്രമത്തിലാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന ദേശാഭിമാനി ടി.കെ മാധവന്‍ ആനന്ദാശ്രമത്തില്‍ താമസിച്ചാണ് അക്കാലത്ത് കുട്ടനാട്ടിലും മറ്റും സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നത്. ആദ്യ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ ടി.കെ മാധവൻ്റെ അധ്യക്ഷതയില്‍ ഇവിടെവച്ച് രൂപീകൃതമായി.

1929 മെയ് മാസം 8-ാം തീയതി ബുധനാഴ്ച ആനന്ദാശ്രമം ശാഖായോഗമായി രജിസ്റ്റര്‍ ചെയ്തു. നിവര്‍ത്തന പ്രക്ഷോഭം നടത്തുവാനുള്ള തീരുമാനം 1933 മാര്‍ച്ച് 12-ാം തീയതി ഞായറാഴ്ച ആനന്ദാശ്രമത്തില്‍ വച്ച് നടന്ന യോഗത്തില്‍ കൈക്കൊണ്ടു. ആര്‍. ശങ്കറെ യോഗം ജനറല്‍ സെക്രട്ടറി ആക്കുന്നതിനുള്ള തീരുമാനം 1945 ജനുവരി മാസത്തില്‍ ഇവിടെവച്ച് കൈക്കൊണ്ടു. ആര്‍. ശങ്കര്‍, മന്നത്ത് പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആനന്ദാശ്രമത്തില്‍ കൂടിയ മഹാസമ്മേളനത്തില്‍ വച്ചാണ് ഹിന്ദു മഹാ മണ്ഡലം എന്ന സംഘടന രൂപീകരിച്ചത്. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കുവാനെത്തുന്നവരുടെ ഇടത്താവളമായിരുന്നു ഈ പുണ്യഭൂമി. ബോധാനന്ദസ്വാമി, മഹാകവി. കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍ സി.വി കുഞ്ഞിരാമന്‍, സി.ആര്‍ കേശവന്‍ വൈദ്യര്‍ തുടങ്ങി ഒട്ടനവധി മഹത് വ്യക്തികള്‍ ആനന്ദാശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com