

വാർത്താ സമ്മേളനത്തിൽ നിന്നും
തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ശ്രീറാം വെങ്കിട്ടരാമൻ. ഇതോടെ മാധ‍്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ കൊലപാതകത്തിൽ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ സാധിക്കില്ലെന്ന് മാധ‍്യമപ്രവർത്തകർ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ശ്രീറാം പുറത്തേക്കിറങ്ങി. നിയമസഭയിലെ മീഡിയ റൂമിൽ വച്ചായിരുന്നു വാർത്താസമ്മേളനം.
2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാമും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. 2020 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ 66 പേജുകളും 84 രേഖകളും 72 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. 100 സാക്ഷി മൊഴികളും ഉണ്ട്.
മനഃപൂർവമല്ലാത്ത നരഹത്യ, പൊതു മുതൽ നശിപ്പിക്കൽ തുടങ്ങി 10 വർഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശ്രീറാമിനു മേൽ ചുമത്തിയിട്ടുള്ളത്. എന്നാൽ, കേസിന്‍റെ വിചാരണ പൂർത്തിയായിട്ടില്ല.