സംസ്ഥാന കലാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും
State Art Awards saji cheriyan announced

2024 ലെ സംസ്ഥാന കലാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Updated on

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ 2024-ലെ സംസ്ഥാന കലാപുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.

നാടിന്‍റെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ സമാനതകളില്ലാത്ത പങ്കുവഹിച്ച പ്രതിഭകളെയാണ് വിദഗ്ധ സമിതികളുടെ ശുപാർശ പ്രകാരം പുരസ്‌കാരങ്ങൾക്കായി തെരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. 2024 ലെ സംസ്ഥാന കഥകളി പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കലാനിലയം ഉണ്ണികൃഷ്‌ണനും കഥകളി വേഷത്തിൽ പ്രാവീണ്യം തെളിയിച്ച കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും പങ്കിട്ടു.

ഡോ. പി. വേണുഗോപാൽ, ഡോ. എം.വി. നാരായണൻ, മനോജ് കൃഷ്ണ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ നിർണയിച്ചത്. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരത്തിന് പ്രശസ്ത തിമില കലാകാരൻ ചോറ്റാനിക്കര വിജയൻ മാരാർ അർഹനായി. ഡോ. ടി.എസ്. മാധവൻകുട്ടി, ഡോ. എൻ.പി. വിജയകൃഷ്‌ണൻ, കെ.ബി. രാജാനന്ദ് എന്നിവരായിരുന്നു ഈ സമിതിയിലെ അംഗങ്ങൾ.

കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ടം കലാകാരി വിനീത നെടുങ്ങാടിയെ തെരഞ്ഞെടുത്തു. ഡോ. കെ.ജി. പൗലോസ്, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. സുധ ഗോപാലകൃഷ്ണൻ, കലാമണ്ഡലം ഹുസ്‌നബാനു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. കലാരംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകാൻ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com