
തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തിലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സെസ് പിരിക്കുന്നത് വ്യക്തിപരമായ താൽപര്യം കൊണ്ടല്ല, സംസ്ഥാന താൽപര്യമാണ് പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു. ഇത്രയധികം ആക്രമണം വേണോ എന്ന കാര്യം പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്‍റെ തനതു വരുമാനം വർധിച്ച് 26,000 കോടി രൂപയായത് അഭിമാനകരമായ കാര്യമാണ്. 60 ലക്ഷം പേർക്ക് സാമൂഹിക പെൻഷൻ നൽകുന്നുണ്ട്. ഇതുൾപ്പെടെ ഉള്ള കാര്യങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. എല്ലാം പരസ്യമായി പറഞ്ഞുകൊണ്ടാണ് നികുതി പിരിക്കുന്നത്. രഹസ്യമായിട്ടല്ലെന്നും പറഞ്ഞ മന്ത്രി സംസ്ഥാനത്തിന്‍റെ സുഗമമായ മുന്നോട്ടു പോക്കിന് എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
നികുതി കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കുടിശിക ഏറെയും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇന്ധന സെസില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ 2015 ലെ സാഹചര്യം കൂടി വിലയിരുത്തണമെന്ന് മന്ത്രി പറഞ്ഞു.
നികുതി പിരിവുമായി ബന്ധപ്പെട്ട് ഇന്നലെ സർക്കാരിന് വിഴ്ച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഈ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെ എന്നു പറഞ്ഞ മന്ത്രി കഴിഞ്ഞ റിപ്പോർട്ടിലെ ആവർത്തമാണിതെന്നും കൂട്ടിച്ചേർത്തു.