

ഗതാഗത മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: വാഹന നികുതി അടയ്ക്കാത്തതിനെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പ്രത്യേക യാർഡുകൾ സ്ഥാപിക്കാൻ സർക്കാർ. ഇതുസംബന്ധിച്ച കേരള മോട്ടോർ വാഹന നികുതി (ഭേദഗതി) ബിൽ, 2026 ഗതാഗത മന്ത്രി സി.പി. ജോൺ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.
നികുതി കുടിശികയുടെ പേരിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് നിലവിലെ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് തടസമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
പുതിയ സംവിധാനമനുസരിച്ച്, പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിശ്ചിത യാർഡുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവും അവിടെ സൂക്ഷിക്കുന്ന കാലയളവിലെ പാർക്കിങ് ഫീസും വാഹന ഉടമകൾ നൽകണം. കുടിശിക നികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കിയാലും വാഹനങ്ങൾ കൊണ്ടുപോകുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള മുഴുവൻ തുകയും അടച്ച ശേഷമേ വിട്ടുനൽകൂ.
ഈ നിരക്കുകൾ സർക്കാർ പ്രത്യേകം നിശ്ചയിക്കും. നിർദിഷ്ട സംവിധാനം സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്നും ബില്ലിൽ പറയുന്നു.
1976ലെ കേരള മോട്ടോർ വാഹന നികുതി നിയമപ്രകാരം, സംസ്ഥാനത്ത് നികുതി അടയ്ക്കാതെ ഉപയോഗിക്കുന്നതായി സംശയിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ റാങ്കിൽ കുറയാത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും സബ് ഇൻസ്പെക്റ്റർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ട്.
നികുതി അടച്ചതിന്റെ തെളിവ് ഹാജരാക്കുന്നതുവരെ പിടിച്ചെടുത്ത വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും നിലവിലെ നിയമത്തിലുണ്ട്. എന്നാൽ, ആവശ്യമായ സൗകര്യങ്ങളോടുകൂടിയ അനുയോജ്യമായ സർക്കാർ ഭൂമിയുടെ അഭാവം കാരണം ഈ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ എല്ലാ താലൂക്കുകളിലും അംഗീകൃത വാഹന പിടിച്ചെടുക്കൽ യാർഡുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.