
പിണറായി വിജയൻ
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുളള നിയമ നിർമാണത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. നയപരമായ തീരുമാനമെന്ന് വ്യക്തമാക്കിയാണ് നിയമനിർമാണത്തിൽ നിന്നും പിന്മാറിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
സർക്കാർ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി നിയമനിർമാണം എന്തുകൊണ്ട് സാധ്യമല്ല എന്നതിനെ കുറിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി.
ഇലന്തൂർ ഇരട്ട നരബലിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരേ നിയമനിർമാണം വേണമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ മൂന്ന് വർഷം മുന്നേ നിയമസഭയെ മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
പിന്നീട് അന്ധവിശ്വാസവും അനാചാരങ്ങളും തടയുന്നതിനുളള നിയമനിർമാണവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നായിരുന്നു സർക്കാർ 2023 ജൂലൈ അഞ്ചിന് തീരുമാനിച്ചത്. എന്നാൽ, നിയമ നിർമാണത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതു താത്പര്യ ഹർജി ചൊവ്വാഴ്ച പരിഗണിച്ചപ്പോഴാണ് സർക്കാർ തീരുമാനം ഹൈക്കോടതിയെ അറിയിച്ചത്.
നിയമനിർമാണം എന്ത് കൊണ്ട് സാധ്യമല്ലയെന്നതിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.