സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണാഭ തുടക്കം

കവി തൃശൂർ നാരായണന്‍കുട്ടി എഴുതിയ വരികള്‍ നൃത്താധ്യാപകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്
state school art festival started
സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണാഭ തുടക്കം
Updated on

എൽ.ടി. അരുൺദാസ്

തിരുവനന്തപുരം: "കഴിഞ്ഞ വട്ടം ഞങ്ങളോടൊപ്പം കലോത്സവ വേദിയിലുണ്ടായിരുന്നവർ ഇന്നില്ല....അവരും കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചും കൂടെ സന്തോഷമായേനെ... അവർക്കുവേണ്ടിക്കൂടിയാണ് ഞങ്ങൾ ഇത് അവതരിപ്പിച്ചത്...'' സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിച്ച വയനാട് ദുരന്തഭൂമിയിലെ വെള്ളാർമല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻ​ഡ​റി സ്കൂളിലെ വിദ്യാർഥികൾ പറഞ്ഞു. നൃത്തം അവരിപ്പിക്കുമ്പോൾ തന്നെ ദുരന്ത സമയത്ത് തങ്ങളനുഭവിച്ച പ്രശ്നങ്ങൾ ഓർമയിലെത്തിയെന്നും കുട്ടികൾ.

ദുരന്ത ഭൂമിയിൽ അനുഭവിച്ച പ്രശ്നങ്ങളും ചെറുത്തുനിൽപ്പും വിവരിക്കുന്നതായിരുന്നു സംഘനൃത്തം. "ചാരത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ്, ചിറകിന്‍ കരുത്തില്‍ വാനിലുയരും' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായി​രു​ന്നു സംഘനൃത്തം. മത്സരിക്കാനോ സമ്മാനം വാങ്ങാനോ അല്ല. ഉരുളെടുത്ത നാടിന്‍റെ അതിജീവനകഥ എല്ലാവരേയും അറിയിക്കണം, പ്ര​ചോദനമാകണമെന്ന ലക്ഷ്യവുമുണ്ട്.

മനോഹരമായ ചൂരല്‍മല ഗ്രാമവും സ്‌കൂള്‍ ജീവിതവും അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ നൃത്തം, ദുരന്തത്തെ​പ്പറ്റി വിവരിച്ചു തുടങ്ങിയപ്പോള്‍ പലരും വികാര​നിര്‍ഭരരായി. സ്‌കൂള്‍ യൂണിഫോമിട്ട്, ബാഗും തൂക്കിയാണ് കുട്ടികള്‍ നൃത്തവേദിയിലേക്ക് എത്തിയത്. പിന്നീട്, ഉരുൾ പൊട്ടലിന്‍റെ നടുക്കവും മലവെള്ളപ്പാച്ചിലിന്‍റെ ഭീകരതയുമെല്ലാം വേദിയെ ഉലച്ചു. "വെള്ളാര്‍മല സ്‌കൂള്‍ തിരികെ വരും.....ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും' എന്ന പ്രതീക്ഷയിലാണ് നൃത്തം അവസാനിക്കുന്നത്.

കവി തൃശൂർ നാരായണന്‍കുട്ടി എഴുതിയ വരികള്‍ നൃത്താധ്യാപകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്. സംഘനൃത്തം അവതരിപ്പിച്ച വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു തുടങ്ങി ഏഴു കുട്ടികളും ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ടുപേര്‍ ദുരന്തത്തിന്‍റെ ഇരകളായവരാണ്. റിഷികയുടെ വീട് പൂര്‍ണമായും അഞ്ചലിന്‍റേത് ഭാഗികമായും ഉരുളെടുത്തു.

കുട്ടികൾ ജീപ്പിലും ബസിലും ട്രെ​യ്നിലുമായി വെ​ള്ളി​യാ​ഴ്ച അർധരാത്രിയാണ് എത്തിയത്. കലോത്സവം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​ൻ കുട്ടികളേയും അധ്യാപകരേയും അഭിനന്ദിച്ചു. മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ തകര്‍ന്നുപോയ വെള്ളാര്‍മല സ്‌കൂള്‍ അവിടെ തന്നെ പുനര്‍നിര്‍മിക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കിയത്. "നിങ്ങടെ സ്‌കൂള്‍ അവിടെത്തന്നെ ഉണ്ടാകും' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കുഞ്ഞുമനസുകളിൽ ആഹ്ലാദത്തിരയിളക്കം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്‍റണി രാജു എംഎല്‍എ എന്നിവരും വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.

സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ ഒന്നാം വേദിയായ എം.ടി. - നിളയിൽ സജ്ജീകരിച്ചിരിക്കുന്ന 15 അടി ഉയരമുള്ള വീണയുടെ മാതൃകയില്‍ തയാറാക്കിയ കൊടിമരത്തില്‍ രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റ​ര്‍ എസ്.​​ ഷാനവാസ് പതാക ഉയർത്തി. തുടര്‍ന്ന് കലാമണ്ഡലത്തിന്‍റെ നേതൃത്വത്തില്‍ 44 കു​ട്ടി​ക​ൾ അണിനിരന്ന സ്വാഗതഗാന ദൃശ്യാവിഷ്‌കാരം. പി​ന്നാ​ലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍വിളക്കില്‍ തിരിതെളിച്ചു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com