മുത്തശ്ശിക്ക് അമൃതയുടെ കനകാഞ്ജലി

സ്വർണ നേട്ടത്തിന് പിന്നാലെ ജൂഡോ താരത്തെ തേടിയെത്തിയത് മുത്തശ്ശിയുടെ വിയോഗ വാർത്ത
state school meet special story

സംസ്ഥാന സ്കൂൾ കായിക മേളയിലെ മത്സരത്തിന് തൊട്ടുമുൻപ് സഹോദരൻ അഖിലിന് നിർദേശങ്ങൾ നൽകുന്ന അമൃത.

ചിത്രം: കെ.ബി. ജയചന്ദ്രൻ

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: കളിക്കളത്തിൽ‌ എതിരാളിയെ തറപറ്റിച്ച് സുവർണനേട്ടം കൈപ്പടിയിലൊതുക്കി മണിക്കൂറുകൾ പിന്നിടുമ്പോഴും അമൃത അറിഞ്ഞിരുന്നില്ല നാട്ടിൽ തന്‍റെ പ്രിയപ്പെട്ട മുത്തശ്ശിക്ക് ചിതയൊരുങ്ങുന്ന വിവരം. പോരാടി നേടിയ സ്വർണവും മനസുനിറയെ സന്തോഷവുമായി സ്കൂൾ കായികമേള വേദിയിൽ നിന്ന് മടങ്ങുമ്പോൾ, മുത്തശ്ശി എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞ വിവരം അമൃതയെയും സഹോദരൻ അഖിലിനെയും അറിയിച്ചിരുന്നില്ല. ആഹ്ലാദത്തിനിടെ എത്തിയ വിഷാദ വൃത്താന്തം രഹസ്യമാക്കി പരിശീലകരും കൂട്ടുകാരുമെല്ലാം ഇരുവരെയും ചേർത്തുപിടിച്ചു.

ഇടുക്കി നെടുങ്കണ്ടം വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂ‌ളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ പി.എ. അമൃത ജൂഡോ‌യിലാണ് (36 കിലോഗ്രാം) സ്വർണം നേടിയത്. ബുധനാഴ്ച തന്‍റെ മത്സരം അവസാനിച്ചെങ്കിലും സഹോദരനും പത്താം ക്ലാസ് വിദ്യാർഥിയുമായ അഖിൽ ഇതേ ഇനത്തിൽ വ്യാഴാഴ്ച മത്സരിക്കാനിറങ്ങുന്നതിനാൽ ആഘോഷമെല്ലാം വീട്ടിലെത്തിയിട്ടാകാമെന്ന് അമൃത കരുതി.

എന്നാൽ, അഖിലിന്‍റെ മത്സരത്തിന് തൊട്ടുമുൻപ് ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആ ഫോൺ കോൾ എത്തി... അച്ഛന്‍റെ അമ്മ ശ്യാമളയുടെ വിയോഗ വാർത്ത മറുതലയ്ക്കൽ. അഖിൽ മത്സരത്തിനൊരുങ്ങുന്നതിനാൽ ഈ വിവരം രണ്ടുപേരെയും അറിയിക്കേണ്ടെന്ന വീട്ടുകാരുടെ അഭിപ്രായത്തോട് പരിശീലകരും യോജിച്ചു. വർഷങ്ങളായി ജൂഡോ പരിശീലിക്കുന്ന അമൃതയുടെ മേൽനോട്ടത്തിലാണ് അഖിൽ ഇത്തവണ കായികമേളയ്ക്ക് എത്തിയത്. നെടുംകണ്ടം സ്പോർട്സ് അസോസിയേഷനിലെ സൈജു ചെറിയാൻ, രാഹുൽഗോപി എന്നിവരാണ് ഇരുവരെയും കളിക്കളത്തിനായി പാകപ്പെടുത്തിയത്.

തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിന് തൊട്ടു മുൻപും പേരക്കുട്ടികളെ അനുഗ്രഹിച്ചിരുന്നു മുത്തശ്ശി. ആ സ്നേഹം വിട്ടുപിരിഞ്ഞ വേദനയിൽ വലിയതോവാള പാറമുകളിൽ വീട്ടിൽ അമൃതയുടെയും അഖിലിന്‍റെയും വരവും കാത്ത‌ിരിക്കുകയാണ് മാതാപിതാക്കളായ അനീഷും കവിതയും. വെള്ളിയാഴ്ച 12 മണിക്കാണ് സംസ്കാരം. ഒടുവിൽ മത്സരശേഷം വ്യാഴാഴ്ച രാത്രിയോടെ വീടെത്തിയപ്പോൾ എന്തുപറഞ്ഞു കുട്ടികളെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഒപ്പമെത്തിയവർ. തനിക്കു മെഡലുകളില്ലാത്ത സങ്കടമൊന്നും അഖിലിനില്ല. അനുജത്തിയുടെ സ്വർണം തന്നെയാണ് സംസ്ഥാന താരം കൂടിയായ അവന്‍റെയും സന്തോഷം. കഴിഞ്ഞവർഷത്തെ സംസ്ഥാന കായികമേളയിലും ഗുജറാത്തിൽ നടന്ന ദേശീയ കായികമേളയിലും ചെന്നൈയിലെ ഖേലോ ഇന്ത്യ സൗത്ത് ഇന്ത്യൻ സോൺ വിമൻസ് ലീഗിലും സ്വർണം നേടിയാണ് അമൃത ഇത്തവണയും മത്സരത്തിനിറങ്ങിയത്. അന്ന് നാട്ടിൽ നിന്നും ലഭിച്ച സ്വീകരണത്തിലും ആദരവിലുമെല്ലാം മനം നിറഞ്ഞ് സന്തോഷിച്ച മുത്തശ്ശി ഇപ്പോൾ പേരക്കുട്ടികളുടെ വരവും കാത്ത് കട്ടപ്പന മിഷൻ ആശുപത്രി മോർച്ചറിയിലും...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com