കൗമാര പൂരം അവസാന ലാപ്പിൽ; മുന്നിൽ കണ്ണൂർ തന്നെ

സംസ്ഥാന സ്കൂൾ‌ കലോത്സവത്തിന് തിങ്കളാഴ്ച കൊടിയിറങ്ങും
സംസ്ഥാന സ്കൂൾ കലോത്സവം, കൊല്ലം 2024
സംസ്ഥാന സ്കൂൾ കലോത്സവം, കൊല്ലം 2024
Updated on

പി.ബി. ബിച്ചു

കൊല്ലം: വേദികളെയും മത്സരാർഥികളെയും കുളിരണിയിച്ച് പെയ്ത മകരമാസ മഴയിലും തണുക്കാതെ കൗമാരപൂരത്തിന്‍റെ ചൂട് അവസാന ലാപ്പിലേക്ക്. നാല് ദിവസങ്ങളായുള്ള വാശിയേറിയ പോരാട്ടം തിങ്കളാഴ്ച വൈകിട്ട് സമാപിക്കുമ്പോൾ സ്വർണക്കപ്പ് ആരുയർത്തുമെന്നത് സസ്പെൻസ്. പത്ത് മത്സരങ്ങളൊഴികെ മറ്റെല്ലാം പൂർത്തിയാകുമ്പോൾ പോയിന്‍റ് പട്ടികയിൽ തുടർച്ചയായ മൂന്നാംദിനവും കണ്ണൂരിന്‍റെ തേരോട്ടം തുടരുകയാണ്.

ഞായറാഴ്ച വൈകിട്ടു വരെ നടന്ന മത്സരങ്ങളുടെ ഫലം കണക്കാക്കിയാൽ 871 പോയിന്‍റുകൾ നേടി കണ്ണൂർ തന്നെയാണ് പട്ടികയിൽ മുന്നിൽ. 866 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 860 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. തൃശൂർ-843 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയപ്പോൾ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 832 പോയിന്‍റുമായി മലപ്പുറവും, എറണാകുളം-816, തിരുവനന്തപുരം- 793, ആലപ്പുഴ-774, കാസർഗോഡ് -769, കോട്ടയം-765, വയനാട് -743, പത്തനംതിട്ട-702, ഇടുക്കി- 662 എന്നിങ്ങനെയാണ് നിലവിലെ പോയിന്‍റ് നില.

നാടോടിനൃത്തം, പരിചമുട്ട്, കേരള നടനം, സ്കിറ്റ്-ഇംഗ്ലിഷ്, ട്രിപ്പിൾ-ജാസ്, വഞ്ചിപ്പാട്ട്, വയലിൻ, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, കഥകളി സംഗീതം എന്നീ മത്സരങ്ങളാണ് തിങ്കളാഴ്ച നടക്കാനുള്ളതെന്നതിനാൽ ഇവയുടെ ഫലം പോയിന്‍റ് നിലയെ ബാധിക്കും. കണ്ണൂരും, കോഴിക്കോടും, പാലക്കാടും സ്വർണക്കപ്പിനായി കട്ടയ്ക്ക് പിടിക്കുമ്പോൾ അവസാന ഫലമെത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രം.

ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും യഥാക്രമം 409, 462 പോയിന്‍റുകൾ വീതം നേടി കണ്ണൂർ തന്നെയാണ് മുന്നിൽ തുടരുന്നത്. സംസ്കൃതോത്സവത്തിൽ 90 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകൾ ഒരേപോലെ മുന്നിട്ട് നിൽക്കുമ്പോൾ അറബിക് കലോത്സവത്തിൽ 90 പോയിന്‍റുകൾ വീതം നേടി കണ്ണൂർ-മലപ്പുറം ജില്ലകളാണ് മുന്നിൽ.

അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഒന്നാംവേദിയടക്കം വെള്ളക്കെട്ടിലായത് കലോത്സവത്തെ പ്രതികൂലമായി ബാധിച്ചു. പ്രധാന വേദിയിൽ വിധികർത്താക്കൾ ഇരിക്കുന്ന സമീപത്തേക്ക് പോലും വെള്ളം ചോർന്നൊലിച്ചതോടെയാണ് മത്സരം നിർത്തിവച്ചത്. പിന്നീട് ബുൾഡോസറുകൾ എത്തിച്ച് മണ്ണ് കോരിമാറ്റിയാണ് വേദിയിൽ മത്സരം തുടരാനായത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സമാപന ചടങ്ങുകൾ ആരംഭിക്കും. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മമ്മൂട്ടി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com