സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമിക്കും: മന്ത്രി ആർ ബിന്ദു

കാസർഗോഡ് മുളിയാർ, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഇതിനായി സ്ഥലം കണ്ടെത്തി കഴിഞ്ഞു
സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമിക്കും: മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട: പൊതുമേഖലയിലെ ആദ്യ പുനരധിവാസ ഗ്രാമങ്ങൾ ആദ്യഘട്ടത്തിൽ നാലിടങ്ങളിൽ നിർമിക്കാൻ സർക്കാർ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. കല്ലേറ്റും കരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) പുനരധിവാസ ഗ്രാമങ്ങൾക്കായി പദ്ധതി തയാറാക്കുന്നതിനായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാസർഗോഡ് മുളിയാർ, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഇതിനായി സ്ഥലം കണ്ടെത്തി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എല്ലാവിധ തെറാപ്പി സൗകര്യങ്ങളൾ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ,

പ്രത്യേക വിദ്യാലയങ്ങൾ, തൊഴിൽ പരിശീലനം, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, രക്ഷാകർതൃ ശാക്തീകരണം, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം എന്നിവയാണ് പുനരധിവാസ ഗ്രാമത്തിലുണ്ടാവുക.

നിപ്മറിനെ മികവിന്‍റെ കേന്ദ്രമായി വളർത്തും. ഈ വർഷം 12 കോടി അനുവദിച്ചത് വരും വർഷങ്ങളിൽ പതിനഞ്ചു കോടിയായി വർധിപ്പിക്കാൻ ആണ് ആലോചിക്കുന്നത്.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ ജയ ഡാലി എം. വി. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ അലി അബ്ദുള്ള, വികലാംഗ ക്ഷേമ ബോർഡ് മാനേജിംഗ് ഡയരക്ടർ മൊയ്തീൻ കുട്ടി കെ. എന്നിവർ ആശംസകൾ നേർന്നു.

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ സ്വാഗതവും നിപ്‌മർ എക്സിക്യുട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി.ചന്ദ്രബാബു നന്ദിയും പറഞ്ഞു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com