
രാഹുൽ മാങ്കൂട്ടത്തിൽ
File image
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ പരാതികൾ ആയുധമാക്കി ഭരണപക്ഷം. പൊലീസിന്‍റെ കസ്റ്റഡി മർദനവും ആഗോള അയ്യപ്പസംഗമവും ആശാവർക്കർ സമരവും വോട്ടർ പട്ടികയിലെ ക്രമക്കേടുമുൾപ്പെടെ ഉയർത്താൻ പ്രതിപക്ഷം. പതിനഞ്ചാം കേരള നിയമസഭയുടെ 14ാമത് സമ്മേളനം ഇന്നാരംഭിക്കുമ്പോൾ നടുത്തളം തിളച്ചുമറിയും.
കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലെ പ്രത്യേക ബ്ലോക്കിലേക്കു നീക്കി തങ്ങളുടെ കൂട്ടത്തിൽ നിന്നു മാറ്റിയതായി പ്രതിപക്ഷത്തിന് വാദിക്കാമെങ്കിലും ഭരണപക്ഷം വിടാൻ കൂട്ടാക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരസ്പരം പരമാവധി ആരോപണങ്ങൾക്കാകും ഇരുപക്ഷവും ശ്രമിക്കുക. രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് യുഡിഎഫിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇന്ന് പങ്കെടുക്കേണ്ടെന്നും ഇന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർദിവസങ്ങളിലെത്തിയാൽ മതിയെന്നുമാണ് യുഡിഎഫിലെ മുതിർന്ന നേതാക്കളുടെ നിർദേശം.
രാഹുലിനെതിരേ ശക്തമായ വാദമുഖങ്ങൾ ഉന്നയിക്കുകയാണെങ്കിൽ തടുക്കാൻ ഭരണപക്ഷ എംഎൽഎമാരുടെ "വിലപ്പെട്ട' രഹസ്യങ്ങൾ പരസ്യമാക്കാൻ പ്രതിപക്ഷം തുനിയും. രാഹുൽ സഭയിലെത്തിയാൽ സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാസംവിധാനങ്ങൾ സെക്രട്ടേറിയറ്റിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. രാജി ആവശ്യപ്പെടാതെ കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ഭരണപക്ഷം കടുപ്പിക്കും. കോൺഗ്രസിന് അനുവദിക്കുന്ന ചർച്ചാസമയത്തിൽ രാഹുലിന് പങ്കെടുക്കാനുമാവില്ല.
പൊലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറ സംബന്ധിച്ച ആരോപണങ്ങളാണ് സർക്കാർ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. പീച്ചി, കുന്നംകുളം കസ്റ്റഡി പീഡന കേസുൾപ്പെടെ പൊലിസിന്‍റെ ക്രൂരത ഉയർത്തിക്കാട്ടുകയും ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ നിശബ്ദതയെയും പ്രതിപക്ഷം ആയുധമാക്കും. പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണം. സഭയ്ക്കുള്ളിലും ഇതു ശക്തമായി തന്നെ മുന്നോട്ട് കൊണ്ട്പോകാനുള്ള ശ്രമമായിരിക്കും. മനുഷ്യ-വന്യജീവി സംഘർഷങ്ങളും പ്രധാന വിഷയമായിരിക്കും. അപകടകരമായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കുന്ന കരട് ബില്ലിന് മന്ത്രിസഭ പൊടുന്നനെ അംഗീകാരം നൽകിയത് ഇത് മുന്നിൽക്കണ്ടാണ്.
ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമ പദ്ധതിയും ചൂടേറിയ ചർച്ചയ്ക്ക് വഴിവയ്ക്കും. 2026 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്‍റെ രാഷ്ട്രീയ തന്ത്രമായി പ്രതിപക്ഷം ഉയർത്തും. ഇന്നു മുതൽ 19 വരെയും 29, 30 തീയതികളിലും ഒക്റ്റോബർ 6 മുതൽ 10 വരെയുമുള്ള മൂന്ന് ഘട്ടങ്ങളിലായാണ് സഭ സമ്മേളിക്കുക. തൃശൂർ സിപിഎമ്മിൽ ഫോൺ ചോർച്ചയിലൂടെ പുറത്തുവന്ന അഴിമതി ആരോപണം, ആശാവർക്കാർമാരുടെ സമരം, സംസ്ഥാനത്തെ ആശുപത്രികളുടെ ദുരവസ്ഥയും ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയും ചർച്ചാ വിഷയങ്ങളാണ്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പുനഃരധിവാസത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍, അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ പ്രതിസന്ധി, ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍, കൊല്ലത്തെ വിദ്യാർഥിയുടെ ഷോക്കേറ്റ് മരണം, ഗവർണർ-സർക്കാർ പോരാട്ടം തുടങ്ങി പ്രതിപക്ഷത്തിന് കൈനിറയെ ആയുധങ്ങളാണ്. ഇതെല്ലാം ഭരണപക്ഷം എങ്ങനെ തരണം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്.