ബ്രിട്ടീഷ് യുദ്ധവിമാനത്തെ 'ട്രോളി' കേരള ടൂറിസം

റഡാറുകൾക്കൊന്നും കണ്ടെത്താനാവില്ല എന്ന് അവകാശപ്പെടുന്ന ഈ വിമാനം ഇന്ത്യൻ അതിർത്തിക്കു മേൽ പറന്നപ്പോൾ നമ്മുടെ സേനകൾ കണ്ടെത്തി നിലത്തിറക്കിയതാണെന്നും പറയപ്പെടുന്നു
stranded f 35 jet kerala tourism department advertisement

ബ്രിട്ടീഷ് യുദ്ധവിമാനത്തെ 'ട്രോളി' കേരള ടൂറിസം

Updated on

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം അടിയന്തരമായി ഇറക്കി തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി മഴയും വെയിലുമേറ്റ് കുടുങ്ങിക്കിടങ്ങുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35ബിയെ വിനോദ സഞ്ചാര പരസ്യത്തിൽ ഉൾപ്പെടുത്തി കേരള സർക്കാർ.

കേരളം അത്ര മനോഹരമായ സ്ഥലമാണെന്നും തിരികെ പോകേണ്ടെന്നും ഈ അമെരിക്കൻ നിർമിത അത്യാധുനിക വിമാനം കേരളത്തിനു റിവ്യൂ നൽകുന്ന രീതിയിലാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ പരസ്യം. "കേരളം അതിമനോഹരം, ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല! തീർച്ചയായും ഈ നാടിനെ ശുപാർശ ചെയ്യുന്നു'' എന്നാണ് ടൂറിസം വകുപ്പ് പോസ്റ്റർ ഇറക്കിയത്.

അറബിക്കടലിൽ കേരള തീരത്തു നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്‌ട്ര കപ്പൽചാലിൽ എത്തിയ ബ്രിട്ടന്‍റെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിന്‍റെ ഭാഗമായിരുന്ന വിമാനമാണ് അജ്ഞാത കാരണങ്ങളാൽ തിരുവനന്തപുരത്ത് ഇറക്കിയത്.

റഡാറുകൾക്കൊന്നും കണ്ടെത്താനാവില്ല എന്ന് അമെരിക്ക അവകാശപ്പെടുന്ന ഈ വിമാനം ഇന്ത്യൻ അതിർത്തിക്കു മേൽ പറന്നപ്പോൾ നമ്മുടെ സേനകൾ കണ്ടെത്തി നിലത്തിറക്കിയതാണെന്നും പറയപ്പെടുന്നു.

രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനാകാത്തതിനു പിന്നാലെ ബ്രിട്ടീഷ് റിസർവ് പൈലറ്റ് കഴിഞ്ഞ ദിവസം തിരികെ പോയി. വിമാനവാഹി കപ്പലിൽ നിന്നെത്തിയ വിദഗ്ധരും പൈലറ്റും നേരത്തേ തിരിച്ചുപോയിരുന്നു. ഇതിന്‍റെ സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് അറ്റകുറ്റപ്പണിക്കുള്ള ഹാംഗർ സ്ഥലം അനുവദിക്കാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് നേവി നിരസിച്ചതെന്നാണ് പേരുവെളിപ്പെടുത്താത്ത വൃത്തങ്ങൾ പ്രതികരിച്ചത്.

മഴയും വെയിലുമേറ്റ് തിരുവനന്തപുരം റൺവേയിൽ കിടക്കുന്ന വിമാനത്തിനു സമീപത്തേക്കു പോലും ഇന്ത്യൻ വിദഗ്ധരെ ബ്രിട്ടൻ അടുപ്പിക്കുന്നില്ല. എഫ്35 പോലെയുള്ള അഞ്ചാം തലമുറ സിംഗിൾ- എഞ്ചിൻ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനം ഇത്തരത്തിൽ നിലത്തിറക്കി കിടത്തുന്നത് അസാധാരണ സംഭവമാണ്. ലോക്‌ഹീഡ് മാർട്ടിൻ നിർമിച്ച ഈ വിമാനങ്ങൾ നൽകാമെന്ന് നേരത്തേ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇന്ത്യ തീരുമാനമെടുത്തിരുന്നില്ല.

വീണേടം വിദ്യയാക്കുന്ന കേരളത്തിന്‍റെ മാർക്കറ്റിങ് സ്ട്രാറ്റജി എന്ന പേരിലാണ് പരസ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. അമെരിക്കയ്ക്കും ബ്രിട്ടനും കൊടുത്ത എട്ടിന്‍റെ പണി എന്നൊക്കെ കമന്‍റുകളിലും നിറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com