കളമശേരിയിൽ തെരുവ് നായയുടെ ആക്രമണം; 2 വയസുകാരി ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു

നഗരസഭയുടെ ഗ്ലാസ് കോളനി, ശാന്തിനഗർ, രാജഗിരി, സുന്ദരഗിരി, ചക്യാടം എന്നീ വാർഡുകളിലുള്ളവർക്കാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാ‍യത്
Representative Image
Representative Imagefile image

കളമശേരി: കളമശേരി നഗരസഭ പ്രദേശങ്ങളിൽ രണ്ടു തെരുവ് നായ്ക്കൾ ഓടി നടന്നു കടിച്ചു. രണ്ടു വയസുള്ള കുഞ്ഞിന് ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. നഗരസഭയുടെ ഗ്ലാസ് കോളനി, ശാന്തിനഗർ, രാജഗിരി, സുന്ദരഗിരി, ചക്യാടം എന്നീ വാർഡുകളിലുള്ളവർക്കാണ് വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയും നായ്കളുടെ കടിയേറ്റത്.

ചക്യാടം വാർഡിൽ മാളിയേക്കൽ വീട്ടിൽ ആതിരയുടെ മകൾ നിത്യശ്രീക്ക് (7) വീട്ടുമുറ്റത്ത് കളിച്ചു കളിച്ചുകൊണ്ടിരുന്നപ്പോൾ ഗേറ്റ് കടന്ന് ഓടിവന്ന നായ കടിക്കുകയായിരുന്നു. പൂജ നിവാസിൽ വിനോദിന്റെ ഭാര്യ സിന്ധു (48), വാടകയ്ക്ക് താമസിക്കുന്ന സെൽവൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാടകക്ക് താമസിക്കുന്ന മുരുഗൻ (47) എന്നിവർക്കും കടിയേറ്റു. ഗ്ലാസ് കോളനി വാർഡിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ രണ്ടു വയസ്സുള്ള മകൾ ബിസീഷിന് അമ്മയുടെ ഒക്കത്തിരുന്നപ്പോൾ നായ കടിക്കുകയായിരുന്നു. ഫോർ ഡ്യൂ അപ്പാർട്ട്മെൻ്റിൽ ഗോഡ്വിൻ ജെറോമിനും ഭാര്യ മേരി ചാക്കോയെയും നായ കടിച്ചു. ഗ്ലാസ് കോളനി വാർഡിലെ മുഹമ്മദ് റാഫി, ഷമീർ, മുഹമ്മദ് ഷാഫി എന്നിവർക്കും നായയുടെ കടിയേറ്റു.

സിന്ധു, മുരുകൻ, ബിസീഷ്, മുഹമ്മദ് റാഫി, സമീർ എന്നിവർ എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ചക്യാടം ഭാഗത്ത് വെള്ളി വൈകിട്ടോടെ ഒരു പട്ടി ചത്തിരുന്നു. ഇതിനെ നാട്ടുകാർ കുഴിച്ചിടുകയാണുണ്ടായത്. നഗരസഭാ ആരോഗ്യ വിഭാഗവും മൃഗാശുപത്രിയും പട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ മുതൽ ഗ്ലാസ് കോളനി ഭാഗത്ത് വെച്ച് നിരവധി പേരെ കടിച്ച പട്ടി രാവിലെ പത്തോടെ ചത്തു. ഇതിനെ കുഴിച്ചിടാനാണ് നഗരസഭാ ഉദ്യോഗസ്ഥർ ഉപദേശിച്ചത്. തുടർന്ന് മന്ത്രി പി. രാജീവിൻ്റെ ഓഫീസ് ഇടപെട്ടതോടെ ഐസ് പെട്ടിയിൽ പട്ടിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി മണ്ണുത്തിയിലേക്ക് കൊണ്ടുപോയി.

കളമശേരി പ്രദേശത്ത് തെരുവുപട്ടികൾ വ്യാപകമാണ്. നാട്ടുകാരെ വ്യാപകമായി കടിച്ച പട്ടികൾ മറ്റു തെരുവുപട്ടികളെയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇത് നഗരസഭാ പ്രദേശത്താകെ പേപ്പട്ടി ശല്യം പെരുകാൻ കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ നഗരസഭ ഭരണാധികാരികളൊ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരൊ തയ്യാറാകുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com